Monday, November 10, 2025

തൊഴിലില്ലായ്മ നിരക്ക് സ്ഥിരതയിൽ; ഫെബ്രുവരിയിൽ 22,000 തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്ത് കനേഡിയൻ സമ്പദ്‌വ്യവസ്ഥ

The unemployment rate is stable; Canadian economy adds 22,000 jobs in February

ഒട്ടാവ : ഈ വർഷം തൊഴിൽ വിപണിയിൽ മാന്ദ്യം പ്രതീക്ഷിക്കുന്ന സാമ്പത്തിക വിദഗ്ധരുടെ അനുമാനങ്ങൾക്ക് വിപരീതമായി ജനുവരിയിൽ കനേഡിയൻ തൊഴിൽ മേഖലയിൽ നേരിയ വർധനയുണ്ടായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. സ്വകാര്യമേഖലയിൽ തൊഴിൽ വർദ്ധിച്ചതോടെ ഫെബ്രുവരിയിൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥ 22,000 തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് റെക്കോർഡ് താഴ്ചയ്ക്ക് സമീപം അഞ്ച് ശതമാനത്തിൽ സ്ഥിരത നിലനിർത്തിയതായും ഫെഡറൽ ഏജൻസി അറിയിച്ചു. ജനുവരിയിൽ, സമ്പദ്‌വ്യവസ്ഥ 150,000 തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തിരുന്നു.

തൊഴിൽ നേട്ടങ്ങളിൽ ഭൂരിഭാഗവും ആരോഗ്യ സംരക്ഷണം, സാമൂഹിക സഹായം, പൊതുഭരണം, യൂട്ടിലിറ്റികൾ എന്നിവയിലാണെന്നും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ അതിന്റെ ലേബർ ഫോഴ്‌സ് സർവ്വേയിൽ അറിയിച്ചു. എന്നാൽ, ബിസിനസ്, കെട്ടിടം, മറ്റ് സഹായ സേവനങ്ങൾ എന്നിവയിൽ ജോലി നഷ്ടപ്പെട്ടു.

മിതമായ തൊഴിൽ വളർച്ചയിലേക്ക് മടങ്ങുന്നതായും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. തൊഴിൽ വിപണിയിലെ സാഹചര്യങ്ങൾ വളരെ മികച്ചതായി തുടരുന്നുണ്ടെങ്കിലും, തൊഴിലില്ലായ്മ എക്കാലത്തെയും താഴ്ന്ന് 4.9 ശതമാനത്തിന് മുകളിലാണ്. ഉയർന്ന പലിശനിരക്കുകൾ സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കുന്നതിനാൽ വരും മാസങ്ങളിൽ തൊഴിലില്ലായ്മ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വേതന വളർച്ചയും പണപ്പെരുപ്പവും തമ്മിലുള്ള അന്തരം കുറയുന്നു എന്ന സൂചനയാണ് ഏറ്റവും പുതിയ തൊഴിൽ റിപ്പോർട്ട് കാണിക്കുന്നത്. ഒരു വർഷം മുമ്പത്തെ അപേക്ഷിച്ച് ഫെബ്രുവരിയിൽ ശരാശരി മണിക്കൂർ വേതനം 5.4 ശതമാനം ഉയർന്നു. വാർഷിക പണപ്പെരുപ്പ നിരക്ക് ജനുവരിയിൽ 5.9 ശതമാനമായിരുന്നു. എന്നാൽ, രാജ്യത്തെ ഉയർന്ന പണപ്പെരുപ്പ നിരക്ക് കുറയ്ക്കാൻ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് കാനഡ, നാല് മുതൽ അഞ്ച് ശതമാനം വരെ വേതന വളർച്ച നിലനിർത്തുന്നത് രണ്ട് ശതമാനം പണപ്പെരുപ്പ ലക്ഷ്യത്തിലേക്ക് മടങ്ങുന്നത് ബുദ്ധിമുട്ടാക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.

എന്നാൽ, ഉയർന്ന പലിശനിരക്ക് ആളുകളുടെയും ബിസിനസ്സുകളുടെയും ചെലവ് മന്ദഗതിയിലാക്കുന്നതിനാൽ, വരും മാസങ്ങളിൽ തൊഴിൽ വിപണി ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെൻട്രൽ ബാങ്ക് പറയുന്നു. ഏറ്റവും പുതിയ പലിശ നിരക്ക് പ്രഖ്യാപനത്തിൽ, ബാങ്ക് ഓഫ് കാനഡ അതിന്റെ പ്രധാന നിരക്ക് 4.5 ശതമാനമായി നിലനിർത്തി, ഇത് 2007 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.

പ്രവിശ്യകൾ അനുസരിച്ച് കഴിഞ്ഞ മാസത്തെ തൊഴിലില്ലായ്മ നിരക്കുകൾ ചുവടെ ചേർക്കുന്നു (ബ്രാക്കറ്റിൽ കഴിഞ്ഞ മാസത്തെ സംഖ്യകൾ) :

  • ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ 9.9 ശതമാനം (11.8)
  • പ്രിൻസ് എഡ്വേർഡ് ഐലൻഡ് 7.3 ശതമാനം (7.7)
  • നോവാ സ്കോഷ്യ 5.7 ശതമാനം (5.0)
  • ന്യൂബ്രൗൺസ്വിക് 6.3 ശതമാനം (7.5)
  • ക്യുബക് 4.1 ശതമാനം (3.9)
  • ഒന്റാരിയോ 5.1 ശതമാനം (5.2)
  • മാനിറ്റോബ 4.7 ശതമാനം (4.2)
  • സസ്കച്ചുവൻ 4.3 ശതമാനം (4.3)
  • ആൽബർട്ട 5.8 ശതമാനം (6.0)
  • ബ്രിട്ടീഷ് കൊളംബിയ 5.1 ശതമാനം (4.4)

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!