ചെറുപ്പം മുതലേ കോകിലയ്ക്ക് തന്നെ ഇഷ്ടമായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്ന് നടൻ ബാല. ബന്ധുകൂടിയായ കോകിലയുമായുള്ള വിവാഹത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമ്മയ്ക്ക് പ്രായമായി. തന്നെ വിവാഹം കഴിക്കണമെന്ന് കോകിലയാണ് അമ്മയോടുപറഞ്ഞത്. കരൾ ശസ്ത്രക്രിയ കഴിഞ്ഞിട്ട് എനിക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ അതെല്ലാം മറികടക്കാൻ സഹായിച്ചത് കോകിലയാണ്. അതുകൊണ്ട് ന്യായമായ രീതിയിൽ ഞാനൊരു വിവാഹം കഴിക്കണമെന്ന് അമ്മയും തങ്ങളെല്ലാവരും ആഗ്രഹിച്ചെന്നും അങ്ങനെയാണ് കാര്യങ്ങൾ വിവാഹത്തിലേക്കെത്തിയതെന്നും ബാല പറഞ്ഞു.
കോകില ഒരു ഡയറിയെഴുതിയിരുന്നുവെന്ന് ബാല പറഞ്ഞു. സത്യസന്ധമായ സ്നേഹം എന്താണെന്ന് വർഷങ്ങൾക്കുശേഷം അത് വായിക്കാനിടയായപ്പോഴാണ് മനസിലായത്. നമുക്കും കുടുംബജീവിതമുണ്ടെന്നും നമ്മളെ സ്നേഹിക്കുന്നവരുണ്ടെന്നും ആത്മാർത്ഥതയുണ്ടെന്നും മനസിലായി. ആ ഡയറി ഒരിക്കലും ഒരു കള്ളത്തരമല്ല. ഞാൻ കണ്ടുവളർന്നതാണ് അവളെ. എല്ലാവരും സന്തോഷമായിരിക്കണം. ആരുടേയും പേരെടുത്ത് പറയുന്നില്ല. 99 പേർക്ക് നല്ലതുചെയ്തിട്ട് ഒരാൾ കുറ്റപ്പെടുത്തിയാൽ ശരിയല്ല. കാലം കടന്നുപോവുന്തോറും പക്വതവരുമെന്നും താരം പ്രതികരിച്ചു.
“ചെന്നൈയിലേക്ക് താമസം മാറുന്നതിനേക്കുറിച്ച് ആലോചിച്ചിട്ടില്ല. കേരളം വലിയ ഇഷ്ടമാണ്. മലയാളികളെ അങ്ങനെയൊന്നും പൂർണമായി ഉപേക്ഷിച്ച് പോവില്ല. കുറേ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഒരിക്കലും അത് മുടങ്ങില്ല. ജീവിതത്തിൽ എന്റെ അനുഭവത്തിലൂടെ പഠിച്ച ഒരു കാര്യമുണ്ട്. ഇപ്പോളത് പറഞ്ഞാൽ നിങ്ങൾക്കാർക്കും അത് മനസിലാവില്ല. മരണത്തിനുശേഷവും ഒരു ജീവിതമുണ്ട്. അത് നന്മയിലേക്ക് ചേരുന്ന വഴിയാണ്. അത് നിങ്ങൾക്ക് എപ്പോഴെങ്കിലും മനസിലാവും. അമ്മയോട് ഫോണിൽ സംസാരിച്ചിരുന്നു. സന്തോഷവതിയാണ് അവരിപ്പോൾ.” ബാല പറഞ്ഞു.

കങ്കുവാ റിലീസ് അടുത്തിരിക്കുന്നതുകൊണ്ട് ചേട്ടന് വിവാഹത്തിൽ പങ്കെടുക്കാൻ പറ്റിയില്ല. അത്രയ്ക്കും തിരക്കാണ്. നാല് ഭാഷയിൽ ഇറക്കുന്നതുതന്നെ ബുദ്ധിമുട്ടാണ്. ഒരുപാട് ഭാഷകളിൽ റിലീസ് ചെയ്യുന്നതുകൊണ്ട് ഗിന്നസ് റെക്കോർഡാണ്. ഞാൻതന്നെയാണ് വരണമെന്നില്ലെന്നുപറഞ്ഞത്. മലയാളത്തിൽ പുതിയ സിനിമ ചെയ്യുന്നുണ്ട്. ബുധനാഴ്ചയാണ് പ്രഖ്യാപനം. ഏത് ശരി, ഏത് തെറ്റ് എന്നല്ല. നിങ്ങൾക്ക് ഞങ്ങൾ രണ്ടുപേരെയും മനസുകൊണ്ട് ആശീർവദിക്കാൻ പറ്റുമെങ്കിൽ അത് ചെയ്താൽമതി. തനിക്കതുമതി. പുതിയ തീരുമാനങ്ങൾ എന്തൊക്കെയാണെന്ന് കോകില പഠിപ്പിച്ചുതരുമെന്നും ബാല കൂട്ടിച്ചേർത്തു.
ബുധനാഴ്ച രാവിലെയാണ് ബാല വീണ്ടും വിവാഹിതനായത്. രാവിലെ എട്ടരയോടെ എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.
ചന്ദന സദാശിവ എന്ന കർണാടക സ്വദേശിയെയാണ് ബാല ആദ്യം വിവാഹം ചെയ്തതെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ആദ്യ വിവാഹത്തെക്കുറിച്ച് ബാല ഒരിക്കൽപോലും വെളിപ്പെടുത്തിയിരുന്നില്ല. 2010ല്‍ മലയാളത്തിലെ ഒരു ഗായികയെ ബാല വിവാഹം ചെയ്തു.
എങ്കിലും വിവാഹജീവിതം അത്ര രസത്തിൽ ആയിരുന്നില്ല. തന്നെ കല്യാണം കഴിക്കുന്നതിന് മുന്‍പ് ബാല മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്ന് ഈ ഗായിക തന്നെ പിന്നീട് തുറന്നു പറയുകയും ചെയ്തു. ഗായികയുമായുള്ള വിവാഹമോചനത്തിനുശേഷം ഡോക്ടർ എലിസബത്ത് ഉദയനെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം നിയമപരമായി റജിസ്റ്റർ ചെയ്തിരുന്നില്ല.
അതിനുശേഷം സമൂഹ മാധ്യമങ്ങളിലൂടെ ഗായികയെയും മകളെയും ആക്ഷേപിക്കുന്നുവെന്ന പരാതിയിൽ നടനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശേഷം താൻ വീണ്ടും വിവാഹിതനാകുമെന്ന് നടൻ പ്രഖ്യാപിച്ചു. തൻ്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്നുപോകാതെ ഇരിക്കാൻ വിവാഹം ഉടൻ ഉണ്ടാകുമെന്നും ബാല അറിയിച്ചിരുന്നു.