ഓട്ടവ : ഉയർന്ന ജീവിതനിലവാരമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി വൻകൂവർ. മെഴ്‌സറിൻ്റെ വാർഷിക ക്വാളിറ്റി ഓഫ് ലിവിങ് സർവേ പ്രകാരം വടക്കേ അമേരിക്കൻ നഗരങ്ങളിൽ ഒന്നാം സ്ഥാനവും മൊത്തത്തിൽ ഏഴാം സ്ഥാനവും കരസ്ഥമാക്കിയിരിക്കുകയാണ് ബ്രിട്ടിഷ് കൊളംബിയയിലെ ഈ നഗരം. പാർപ്പിടം, വിനോദം, സാമൂഹിക-സാംസ്കാരിക പരിസ്ഥിതി, യാത്ര, ഗതാഗതം,
വായു ഗുണനിലവാരം, വിദ്യാഭ്യാസ മേഖല, രാഷ്ട്രീയ സ്ഥിരത, ആരോഗ്യ പരിരക്ഷ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ നഗരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.
മെർസറിൻ്റെ 2024 ലെ ക്വാളിറ്റി ഓഫ് ലിവിങ് സിറ്റി റാങ്കിംഗിലെ മികച്ച 25 നഗരങ്ങളിൽ മറ്റ് നാല് കനേഡിയൻ നഗരങ്ങളും ഉൾപ്പെടുന്നു. ലോകപ്രശസ്ത അമേരിക്കൻ നഗരങ്ങളായ സാൻ ഫ്രാൻസിസ്കോ (36), ലൊസാഞ്ചലസ് (44), ന്യൂയോർക്ക് (45), വാഷിംഗ്ടൺ ഡിസി (49) എന്നിവയെ മറികടന്നാണ് കനേഡിയൻ നഗരങ്ങളായ ടൊറൻ്റോ (13), ഓട്ടവ (20), മൺട്രിയോൾ (20), കാൽഗറി (25) എന്നിവ പട്ടികയിൽ ഇടംപിടിച്ചത്.