ടൊറൻ്റോ : നഗരത്തിൽ മയക്കുമരുന്ന് കടത്തും തോക്കുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ടൊറൻ്റോ പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച്ച ക്വീൻ സ്ട്രീറ്റ് വെസ്റ്റിനും ബാതർസ്റ്റ് സ്ട്രീറ്റിനും സമീപം നടന്ന പരിശോധനയ്ക്ക് ഇടയിൽ രണ്ട് പേർ മയക്കുമരുന്ന് ഇടപാട് നടത്തുന്നതായി ഉദ്യോഗസ്ഥർ കണ്ടതിനെ തുടർന്നാണ് അറസ്റ്റ്.
മയക്കുമരുന്ന് കള്ളക്കടത്തും അറസ്റ്റിനെ തടയാനുള്ള ഉദ്ദേശത്തോടെ പൊലീസിനെ ആക്രമിക്കുകയും ചെയ്തതിന് 38 വയസ്സുള്ള നഥാനിയേൽ വില്യംസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വില്യംസിന്റെ അറസ്റ്റിന്റെ തുടർന്ന് നടന്ന റെയ്‌ഡിൽ ഇയാളുടെ വീട്ടിൽ നിന്നും രണ്ടു തോക്കുകൾ, വെടിമരുന്ന്, മയക്കുമരുന്ന് സാമഗ്രികൾ, ഒരു ബയണറ്റ്, മൂന്ന് റെപ്ലിക്ക തോക്കുകൾ എന്നിവ കണ്ടെത്തി.
വില്യംസിനെ കൂടാതെ മറ്റ് മൂന്ന് പേരെയും കൂടെ അറസ്റ്റ് ചെയ്തു. 18 വയസ്സുള്ള മുബാറക് അജെതുൻമോബി, 19 വയസ്സുള്ള ഇമ്മാനുവൽ ഗ്രാൻ്റ്, ഓഷവ സ്വദേശി ജോയൽ ഡ്രമ്മണ്ട് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലൈസൻസില്ലാതെ നിയന്ത്രിത തോക്ക് കൈവശം വച്ചതും പ്രൊബേഷൻ ലംഘനവും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് മൂന്ന് പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.