കുവൈത്ത്: ഫാമിലി വിസിറ്റ് വീസയുടെ കാലാവധി ഒരു മാസത്തിൽനിന്ന് മൂന്ന് മാസമായി ഉയർത്തുന്നത് ഉൾപ്പെടെ കുവൈത്തിൽ റസിഡൻസി നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ ഉടൻ നടപ്പിലാക്കും.കുവൈറ്റിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന പ്രവാസികൾക്ക് കൂടുതൽ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭേദഗതി.ആഭ്യന്തര മന്ത്രാലയത്തിലെ റസിഡൻസി ആന്റ് നാഷണാലിറ്റി കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ് വാനിയാണ് ഈ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.നൽകുന്ന സേവനങ്ങളെ അടിസ്ഥാനമാക്കി വീസ ഫീസ് ഘടനകൾ അവലോകനം ചെയ്യുന്നതിനും ക്രമീകരിക്കുന്നതിനുമായി ഒരു പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകിയതായും അധികൃതർ അറിയിച്ചു.
അതിനിടെ, വീസ കാലാവധി ലംഘനങ്ങൾ തടയാൻ, സഹൽ ആപ്ലിക്കേഷൻ വഴി ആഭ്യന്തര മന്ത്രാലയം കർശന നിരീക്ഷണം ഏർപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. വിസിറ്റ് വീസയിലെത്തിയവരുടെ വീസ കാലാവധി കഴിയാറാവുന്ന സമയത്ത് സന്ദർശർക്ക് ആപ്പ് വഴി മുന്നറിയിപ്പ് ലഭിക്കും. എന്നിട്ടും നിയമം പാലിക്കാത്തവർക്കെതിരേ സമൻസും തുടർ നിയമനടപടികും ഉണ്ടാകും. പുതിയ നിയമം ഫ്‌ളെക്‌സിബിൾ റസിഡൻസി കാലയളവുകൾ അവതരിപ്പിക്കുന്നുണ്ട്. പ്രവാസികൾക്ക് നാടുകടത്തൽ നേരിടേണ്ടിവരുന്ന മൂന്ന് പ്രധാന വ്യവസ്ഥകളും നിയമം വിശദീകരിക്കുന്നുണ്ട്. വിശ്വസനീയമായ വരുമാന മാർഗത്തിന്റെ അഭാവം, നിയമത്തെ അടിസ്ഥാനമാക്കിയുള്ള മന്ത്രിതല തീരുമാനങ്ങൾ, പൊതുതാൽപര്യം പരിഗണിക്കുന്ന സാഹചര്യങ്ങൾ എന്നീ സന്ദർഭങ്ങളിലാണ് പ്രവാസികളെ നാടുകടത്തലിന് വിധേയമാക്കുക.