ന്യൂ ഡൽഹി : കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ഇന്ത്യൻ വിദ്യാർത്ഥികളാണ് കാനഡയിൽ കൊല്ലപ്പെട്ടത്. കനേഡിയൻ സർക്കാർ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ആവശ്യപ്പെട്ടു. ഇന്ത്യൻ വിദ്യാർത്ഥികളുടെ കൊലപാതകം സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച കാനഡയിലെ എഡ്മിന്റനിൽ ഒരു അപ്പാർട്ട്മെൻ്റിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന 20 വയസ്സുള്ള ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചിരുന്നു. കേസിൽ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്യുകയും കൊലപാതക്കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. സെക്യൂരിറ്റി ഗാർഡായി ജോലിയിൽ പ്രവേശിച്ച് മൂന്നാം ദിവസമാണ് ഹരിയാന സ്വദേശിയായ ഹർഷൻദീപ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഡിസംബർ ഒന്നിന് ഒൻ്റാരിയോ ലാംബ്ടൺ കൗണ്ടിയിലെ സാർനിയയിലും ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടിരുന്നു. പഞ്ചാബിലെ ലുധിയാന സ്വദേശി ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ഗുരാസിസ് സിങ് (22) ആണ് സഹവാസിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ക്വീൻ സ്ട്രീലെ ഷെയർ റൂമിംഗ് ഹൗസിലാണ് സംഭവം. കേസിൽ 36 വയസ്സുള്ള ക്രോസ്ലി ഹണ്ടറിനെ അറസ്റ്റ് ചെയ്തതായി സർനിയ പൊലീസ് അറിയിച്ചു.