പട്ടാളനിയമം ഏർപ്പെടുത്താനുള്ള നീക്കം നടത്തിയതിനെ തുടർന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ ഇംപീച്ച് ചെയ്തു. സിയോളിൽ നടന്ന ദേശീയ അസംബ്ലി പ്ലീനറി സെഷനിലാണ് വോട്ടെടുപ്പ് നടന്നത്. 300 നിയമനിർമ്മാതാക്കളിൽ 204 പേർ കലാപം ആരോപിച്ച് ഇംപീച്ച്മെന്റിനെ അനുകൂലിച്ചപ്പോൾ 85 പേർ എതിർത്തു. മൂന്ന് നിയമസഭാംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എട്ട് വോട്ടുകൾ അസാധുവായി.
തുടർച്ചയായ കലാപങ്ങൾ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി യൂൻ അടിയന്തരാവസ്ഥ സൃഷ്ടിച്ചെന്ന് അംസബ്ലി ആരോപിച്ചു. യൂനിന്റെ പ്രസിഡന്റ് അധികാരങ്ങളും ചുമതലകളും ഇതോടെ, താൽക്കാലികമായി നിർത്തിവച്ചു. പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റു. യൂനിനെതിരായ ഇംപീച്ച്‌മെന്റ് ശരിവയ്ക്കണമോ എന്ന് 180 ദിവസത്തിനുള്ളിൽ ഭരണഘടനാ കോടതി വ്യക്തമാക്കും. യൂനിനെതിരെ കോടതി വിധി പറഞ്ഞാൽ, ദക്ഷിണ കൊറിയൻ ചരിത്രത്തിൽ ഇംപീച്ച് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹം മാറും. ഡിസംബർ 3 നാണ് പട്ടാള നിയമം ചുമത്താൻ യൂൻ ശ്രമം നടത്തിയത്. പ്രതിപക്ഷ പാർട്ടികളും വിദഗ്ധരും ഇത് യൂൻ സംഘടിപ്പിക്കുന്ന കലാപമാണെന്ന് ആരോപിച്ചു. ഉത്തരകൊറിയയ്ക്കുള്ള ആഭ്യന്തര രാഷ്ട്രീയ പിന്തുണ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയാണ് തന്റെ തീരുമാനത്തിന് കാരണമായി പ്രസിഡന്റ് ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഈ നീക്കത്തിനു പിന്നാലെ വലിയ പ്രതിഷേധമാണ് ദക്ഷിണ കൊറിയയിൽ ഉണ്ടായത്.