ന്യൂഡൽഹി:ഓപ്പൺ എ.ഐയെ കുറിച്ച് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച മുൻ എ.ഐ ജീവനക്കാരനും ഇന്ത്യക്കാരനുമായ സുചിർ ബാലാജി (26)യെ സാൻഫ്രാൻസിസ്കോയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. നവംബർ 26 ന് സുചിർ മരണപ്പെട്ടതായും എന്നാൽ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവിടുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.സുചിർ ബാലാജിയെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും വിളിച്ചറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം സ്ഥിരീകരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഓപ്പൺ എ.ഐ അതിൻ്റെ ജനറേറ്റീവ് എ.ഐ പ്രോഗ്രാമായ ചാറ്റ് ജി.പി.ടിയെ പരിശീലിപ്പിക്കുന്നതിന് ശരിയായ അനുമതിയില്ലാതെ പകർപ്പവകാശമുള്ള ഡാറ്റകൾ ഉപയോഗിച്ചുവെന്നാണ് നേരത്തെ ബാലാജി പരസ്യമായി ആരോപിച്ചത്. ചാറ്റ് ജി.പി.ടി പോലുള്ള സാങ്കേതിക വിദ്യകൾ ഇൻ്റർനെറ്റിനെ തകരാറിലാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഓപ്പൺ എ.ഐയുടെ രീതികൾ ഇൻ്റർനെറ്റ് ആവാസവ്യവസ്ഥയ്ക്ക് ഹാനികരമാണെന്നും സമ്മതമില്ലാതെ ഡാറ്റ ഉപയോഗിക്കുന്നത് അതിന്റെ യഥാർത്ഥ വ്യക്തികൾക്ക് ഹാനികരമാണെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, ബാലാജി അഭിപ്രായപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് മരണവാർത്ത ഇപ്പോൾ പുറത്തുവരുന്നത്.