എഡ്മിന്‍റൻ : സിൽവൻ തടാകത്തിൽ മൂന്ന് വാഹനങ്ങൾ മഞ്ഞുപാളിയിലൂടെ വീണതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം നൽകി ആർസിഎംപി. വാഹനങ്ങളുമായി സില്‍വന്‍ ലേക്കിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മഞ്ഞുവീഴ്ചയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ശനിയാഴ്ച സില്‍വന്‍ ലേക്കില്‍ രണ്ട് വാഹനങ്ങള്‍ മഞ്ഞുപാളിയിലൂടെ വീണിരുന്നു. ഇതിന് പിന്നാലെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനിടെ കാർ മഞ്ഞുപാളിയിലൂടെ വീണ്ടും വീണതായി പൊലീസ് പറയുന്നു. എന്നാല്‍ കാറില്‍ ആരും ഉണ്ടായിരുന്നില്ല. 2008 മോഡല്‍ ജിഎംസി സിയേറ കാറാണ് മഞ്ഞുപാളിയില്‍ വീണത്. തടാകത്തിലെ മഞ്ഞിന്‍റെ കനം വ്യത്യാസപ്പെടാമെന്നും വാഹനങ്ങള്‍ക്കും മറ്റ് ഭാരമേറിയ ഉപകരണങ്ങള്‍ക്കും നിലവിലെ അവസ്ഥ സുരക്ഷിതമല്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
നദിയിലും കുളങ്ങളിലും മഞ്ഞുപാളി കട്ടിയുള്ളതായി കാണപ്പെടുമെന്നും എന്നാൽ, അതിനടിയിൽ വെള്ളം ഒഴുകുന്നതും താപനിലയിലെ ഏറ്റക്കുറച്ചിലുകളും മഞ്ഞുപാളി ദുർബലമാകുന്നതിനും അപകട സാധ്യത വർധിപ്പിക്കുന്നതായും എഡ്മിന്‍റൻ ഫയർ റെസ്‌ക്യൂ സർവീസസ് അറിയിച്ചു. ആളുകളോ വളർത്തുമൃഗങ്ങളോ മഞ്ഞുപാളിയിലൂടെ വീഴുന്നത് കണ്ടാൽ, 911 എന്ന നമ്പറിൽ വിളിക്കണമെന്ന് അഗ്നിശമന സേനാംഗങ്ങൾ അഭ്യർത്ഥിച്ചു.