ബാരി : പ്രവിശ്യയിൽ 60 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രവചിച്ചതോടെ ബാരിയിൽ സർവീസ് താൽകാലികമായി നിർത്തി കാനഡ പോസ്റ്റ്. രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബാരിയിലും പരിസര പ്രദേശങ്ങളിലും റെഡ് ഡെലിവറി സർവീസ് മുന്നറിയിപ്പ് നൽകിയത്. കാനഡ പോസ്റ്റ് ഡെലിവറി താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
സാഹചര്യങ്ങൾ മെച്ചപ്പെട്ടു കഴിഞ്ഞാൽ ഡെലിവറി പുനരാരംഭിക്കുമെന്നും ജീവനക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഡെലിവറി താൽകാലികമായി നിർത്തിവെച്ചതെന്നും കാനഡ പോസ്റ്റ് വ്യാഴാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബാരിയിൽ പുറപ്പെടുവിച്ച നാലാമത്തെ റെഡ് അലർട്ടാണിത്.
അതേസമയം, സർവീസ് പുനരാരംഭിക്കുമ്പോൾ നടപ്പാതകൾ, പടികൾ, ഡ്രൈവ്‌വേകൾ എന്നിവയിൽ നിന്ന് മഞ്ഞും ഐസും നീക്കം ചെയ്യാൻ കാനഡ പോസ്റ്റ് താമസക്കാരോട് ആവശ്യപ്പെട്ടു. മെയിൽ ഡെലിവറി സംബന്ധിച്ച് ഉപയോക്താക്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ കാനഡ പോസ്റ്റിൻ്റെ കസ്റ്റമർ സർവീസ് നമ്പറായ 1-866-607-6301 (TTY: 1-800-267-2797) എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.