വാഷിങ്ടൺ: ലാസ് വേഗസിലെ ട്രംപ് ടവറിനു മുന്നിലുണ്ടായ ട്രക്ക് സ്‌ഫോടനത്തിനു പിന്നിൽ മുൻ യുഎസ് സൈനികനെന്ന് റിപ്പോർട്ട്. കൊളാറോഡോ സ്പ്രിങ്‌സ് സ്വദേശിയായ മാത്യു ലിവൽസ്‌ബെർഗർ ആണ് പൊട്ടിത്തെറിച്ച ടെസ്ല സൈബർട്രക്കിലെ ഡ്രൈവർ. സംഭവം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി യുഎസ് കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
മാത്യു ലിവൽസ്‌ബെർഗിന്റെ ലിങ്കിഡിൻ പ്രൊഫൈൽ സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുഎസ് സൈന്യത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിൽ ഓപറേഷൻസ് സ്‌പെഷലിസ്റ്റ്, ടീം സെർജന്റ് 18ഇസെഡിൽ ഓപറേഷൻസ് മാനേജർ, സിസ്റ്റംസ് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നുവെന്ന് ലിങ്കിഡിൻ പ്രൊഫൈലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ലാസ് വേഗസിലെ ട്രംപ് ഹോട്ടലിൻ്റെ മുൻവാതിലിലേക്ക് 2024 മോഡൽ പുതിയ ടെസ്‌ല സൈബർട്രക്ക് ഇടിച്ചു കയറുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.