ഗാസയിൽ വിവിധയിടങ്ങളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 3 കുട്ടികൾ അടക്കം 63 പലസ്തീൻകാർ കൊല്ലപ്പെട്ടു. സമാധാന മേഖലയായി ഇസ്രയേൽ പ്രഖ്യാപിച്ച മവാസിയിലെ അഭയാർഥികൂടാരത്തിലെ ബോംബിങ്ങിലാണ് കുട്ടികളും സ്ത്രീകളുമടക്കം 11 പേർ കൊല്ലപ്പെട്ടത്. ഗാസ പൊലീസ് വകുപ്പുമേധാവി മഹ്മൂദ് സലാഹ്, മുതിർന്ന ഉദ്യോഗസ്ഥനായ ഹുസം ഷഹ്‌വാൻ എന്നിവരും കൊല്ലപ്പെട്ടു. ഗാസയിലേക്ക് എത്തുന്ന സഹായങ്ങൾ വിതരണം ചെയ്യുന്ന പ്രാദേശിക സമിതിയിലെ അംഗങ്ങളായ 8 പേർ മധ്യഗാസയിൽ കൊല്ലപ്പെട്ടു.
കനത്തമഴയും അതിശൈത്യവും ദുരിതമേറ്റിയ ഗാസയിൽ വീടുനഷ്ടമായ പതിനായിരങ്ങൾ അഭയം തേടിയിരിക്കുന്നതു മവാസിയിലെ താൽക്കാലിക കൂടാരങ്ങളിലാണ്. ഹമാസുകാരെ ലക്ഷ്യമിട്ടായിരുന്നു മവാസിയിലെ ആക്രമണമെന്ന് ഇസ്രയേൽ പ്രതികരിച്ചു. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 45,581 പലസ്തീൻകാർ കൊല്ലപ്പെട്ടു.1,08,438 പേർക്കു പരുക്കേറ്റു.