മൺട്രിയോൾ: നഗരത്തിലെ വെർച്ചെറസിനടുത്തുള്ള സെൻ്റ് ലോറൻസ് നദിയിൽ കുടുങ്ങിയ കപ്പലിൽ നിന്ന് ആയിരക്കണക്കിന് ടൺ ചോളം മാറ്റാനുള്ള ശ്രമം വാരാന്ത്യത്തിലേക്ക് മാറ്റി. എംവി മക്കോവ എന്ന കപ്പലിൽ നിന്നും ഇന്ന് മുതൽ ചോളം നീക്കം ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ ചോളം കൊണ്ടുപോകാൻ ആവശ്യമായ ബോട്ടുകൾ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും ഇതുവരെ എത്തിയിട്ടില്ലെന്നും ഫിഷറീസ് ആൻഡ് ഓഷ്യൻസ് കാനഡ പറയുന്നു.
എംവി മക്കോവ എന്ന കപ്പലിൽ 3,000 മെട്രിക് ടൺ ചോളമാണുള്ളത്. ധാന്യം കപ്പലിൽ നിന്നും മാറ്റുന്നതിന് 1,500 ടൺ ശേഷിയുള്ള രണ്ട് ഗ്രൂപ്പ് ഓഷ്യൻ ബാർജുകൾ ആവശ്യമാണ്. വൈദ്യുതി തകരാറിനെ തുടർന്നാണ് ഡിസംബർ 24-ന് പുലർച്ചെ കപ്പൽ സെൻ്റ് ലോറൻസ് നദിയിൽ കുടുങ്ങിയത്.
അതേസമയം, അടുത്ത ഏതാനും ദിവസങ്ങളിൽ പ്രദേശത്ത് മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനം പ്രവർത്തനങ്ങളെ സങ്കീർണ്ണമാക്കുകയും മന്ദഗതിയിലാക്കുകയും ചെയ്യുമെന്ന് ഫിഷറീസ് ആൻഡ് ഓഷ്യൻസ് കാനഡ സൂചിപ്പിച്ചു. മഴയത്ത് ധാന്യം ഇറക്കാൻ കഴിയില്ല, അത് ഭക്ഷ്യയോഗ്യമായി തുടരാൻ ചില നിബന്ധനകൾ പാലിക്കണം, മന്ത്രാലയം വ്യക്തമാക്കി. 20 ജീവനക്കാർ കപ്പലിലുണ്ടെന്നും മലിനീകരണത്തിൻ്റെ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.