ടൊറൻ്റോ : തെക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിൽ 60 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രവചിച്ച് എൻവയൺമെൻ്റ് കാനഡ. സിംകോ തടാകത്തിനും ജോർജിയൻ ബേയ്ക്കും ചുറ്റുമുള്ള നഗരങ്ങളിലും പട്ടണങ്ങളിലുമാണ് മഞ്ഞുവീഴ്ച ഏറ്റവും കൂടുതൽ ബാധിക്കുക.
ബാരി, ഒറിലിയ, കോളിങ്‌വുഡ്, മിഡ്‌ലാൻഡ്, വാസഗ ബീച്ച് എന്നിവിടങ്ങളിൽ കനത്ത മഞ്ഞും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റും പ്രതീക്ഷിക്കാമെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ ദൃശ്യപരത കുറഞ്ഞേക്കുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. ഇവിടങ്ങളിൽ യാത്രാക്ലേശമുണ്ടായേക്കാം.
അടുത്ത ദിവസം 25 സെൻ്റീമീറ്റർ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാൽ ടൊറൻ്റോയുടെ കിഴക്ക് കോബർഗ്, പീറ്റർബറോ ഉൾപ്പെടെയുള്ള പ്രദേശങ്ങളെയും മഞ്ഞുവീഴ്ച മുന്നറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കിച്ചനർ, ഗ്വൽഫ്, സ്ട്രാറ്റ്ഫോർഡ് എന്നിവിടങ്ങളിൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ഓക്ക്‌വില്ലിൽ റോഡുകൾ മഞ്ഞു മൂടിയതായും ഒന്നിലധികം അപകടങ്ങൾ റിപ്പോർട്ട് ചെയ്തതായും ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. ടൊറൻ്റോയിൽ നിലവിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ നഗരത്തിൽ 70% ചുഴലിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.