കാലിഫോർണിയ : തെക്കൻ കാലിഫോർണിയയിൽ ഫർണിച്ചർ നിർമ്മാണ കെട്ടിടത്തിൻ്റെ മേൽക്കൂരയിലേക്ക് ചെറുവിമാനം തകർന്ന് വീണ് രണ്ടു പേർ മരിച്ചു. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഡിസ്‌നിലാൻഡിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള ഓറഞ്ച് കൗണ്ടിയിലെ ഫുള്ളർട്ടൺ മുനിസിപ്പൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന് രണ്ട് മിനിറ്റിനുള്ളിൽ വിമാനം തകർന്നതായി ഫുള്ളർട്ടൺ പൊലീസ് വക്താവ് ക്രിസ്റ്റി വെൽസ് പറയുന്നു. സിംഗിൾ എഞ്ചിൻ വാൻ ആർവി-10, നാല് സീറ്റുകളുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു.
![](http://mcnews.ca/wp-content/uploads/2023/10/C-Nations-Immigration--1024x683.jpg)
ഇരുന്നൂറോളം ആളുകൾ ജോലി ചെയ്തിരുന്ന കെട്ടിടത്തിലേക്കാണ് വിമാനം തകർന്ന് വീണത്. മരിച്ചവരുടെ വ്യക്തിവിവരങ്ങൾ, അവർ വിമാനത്തിലുണ്ടായിരുന്നവരാണോ കെട്ടിടത്തിൽ ഉള്ളവരാണോ എന്ന് വ്യക്തമായിട്ടില്ല. വിമാനം കെട്ടിടത്തിലേക്ക് വീണതോടെ അഗ്നിസ്ഫോടനത്തിനും കറുത്ത പുകപടലത്തിനും കാരണമായി. അഗ്നിശമന സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി തീയണയ്ക്കുകയും ചുറ്റുമുള്ള വ്യാപാര സ്ഥാപനങ്ങൾ ഒഴിപ്പിക്കുകയും ചെയ്തു, ക്രിസ്റ്റി വെൽസ് പറഞ്ഞു.