ഓട്ടവ : ഫ്രീഡം കോൺവോയ് പ്രതിഷേധ സംഘാടകരിലൊരാളായ പാറ്റ് കിങ്ങിനുള്ള ശിക്ഷ ഫെബ്രുവരി ഏഴിന് വിധിക്കും. പാറ്റ് കിങ് പത്ത് വർഷത്തോളം തടവ് അനുഭവിക്കേണ്ടി വരുമെന്ന് കരുതുന്നു. നവംബറിൽ, കുഴപ്പം സൃഷ്ടിക്കുക, കോടതി ഉത്തരവ് അനുസരിക്കാത്തതുൾപ്പെടെ അഞ്ച് കേസുകളിൽ കുറ്റക്കാരനാണെന്ന് ഓട്ടവയിലെ സുപ്പീരിയർ കോടതി കണ്ടെത്തിയിരുന്നു. അതേസമയം ഭീഷണിപ്പെടുത്തൽ, പൊലീസിന്‍റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ കേസിലും ആൽബർട്ട നിവാസിയായ പാറ്റ് കിങ് കുറ്റക്കാരനല്ലെന്നും കോടതി വിധിച്ചിരുന്നു.

കോവിഡ് മഹാമാരിക്കാലത്ത് രാജ്യാതിര്‍ത്തി കടന്ന് സര്‍വീസ് നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയതിനെ എതിർത്ത് പ്രതിഷേധിച്ച ഫ്രീഡം കോൺവോയ് സംഘാടകരിലൊരാളായിരുന്നു പാറ്റ് കിങ്. മൂന്നാഴ്ച നീണ്ട ഫ്രീഡം കോൺവോയ് പ്രതിഷേധത്തിൽ തൻ്റെ പങ്കുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളും അദ്ദേഹം നിഷേധിച്ചിരുന്നു. ഫെബ്രുവരി പതിനെട്ടിനാണ് പാറ്റ് കിങ് അറസ്റ്റിലാവുന്നത്. അറസ്റ്റിന് ശേഷം അഞ്ച് മാസത്തോളമാണ് പാറ്റ് ജയിലില്‍ കിടന്നത്.
കോവിഡ് പൊതുജനാരോഗ്യ നിയന്ത്രണങ്ങൾ, വാക്‌സിൻ ഉത്തരവുകൾ തുടങ്ങിയവയ്‌ക്കെതിരെ 2022-ൽ നടന്ന ഫ്രീഡം കോൺവോയ് പ്രതിഷേധത്തിൽ മൂന്നാഴ്ചയിലേറെ രാജ്യതലസ്ഥാനത്തെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. അമേരിക്കയ്ക്കും കാനഡയ്ക്കുമിടയില്‍ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും വാക്സിന്‍ എടുക്കണമെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഉത്തരവിനെതിരെയാണ് ‘ഫ്രീഡം കോണ്‍വോയ്’ പ്രക്ഷോഭം അരങ്ങേറിയത്. ആയിരക്കണക്കിന് ട്രക്ക് ഡ്രൈവര്‍മാരാണ് അന്ന് പ്രക്ഷോഭത്തിന്‍റെ ഭാഗമായത്.