ജറുസലം: ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ ഇസ്രയേൽ മന്ത്രിസഭാ യോഗം അംഗീകരിച്ചതായി റിപ്പോർട്ട്. വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാറും ശനിയാഴ്ച പുലർച്ചെയാണ് ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചത്. ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്നും നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.

ഇസ്രയേൽ ജയിലുകളിൽ തടവിലാക്കപ്പെട്ട കുട്ടികളെയും കരാറിന്റെ ആദ്യഘട്ടമായി ഇസ്രയേൽ മോചിപ്പിക്കും. ഞായറാഴ്ചത്തെ മോചിപ്പിക്കേണ്ട 95 പലസ്തീൻ തടവുകാരുടെ പട്ടിക ഇസ്രയേൽ നീതിന്യായ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. ബന്ദികളുടെ മോചനത്തിനുള്ള കരാർ ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചതിനു ശേഷമാണ സമ്പൂർണ മന്ത്രിസഭാ യോഗം ചേർന്നത്. 11 അംഗ സുരക്ഷാ മന്ത്രിസഭ വോട്ടെടുപ്പിലൂടെയാണു കരാറിന് അംഗീകാരം നൽകിയത്.