മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ യഥാർത്ഥ പ്രതിയെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ്. മഹാരാഷ്ട്രയിലെ താനെയിൽനിന്നു ഞായറാഴ്ച പുലർച്ചെയാണ് ബിജെ എന്ന മുഹമ്മദ് അലിയാനെ പിടികൂടിയത്. ‘വിജയ് ദാസ്’ എന്നുകൂടി പേരുള്ള ഇയാൾ, താനെയിലെ ബാറിൽ ഹൗസ് കീപ്പിങ് സ്റ്റാഫായി ജോലി ചെയ്തുവരികയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു.
താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ മെട്രോ നിർമാണ സ്ഥലത്തിനു സമീപത്തെ ലേബർ ക്യാംപിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ബാന്ദ്രയിലെത്തിച്ച് ചോദ്യം ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിന്റെ കൂടുതൽ അന്വേഷണത്തിനായി ദാസിനെ മുംബൈ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. വ്യാജ തിരിച്ചറിയൽ രേഖയുള്ളതിനാൽ അക്രമി ഇന്ത്യക്കാരനാണോ ബംഗ്ലദേശ് പൗരനാണോ എന്നുള്ള അന്വേഷണവും നടന്നു വരുന്നു.

വ്യാഴാഴ്ച പുലർച്ചെയാണു ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ മോഷണത്തിനെത്തിയ ഇയാൾ സെയ്ഫിനെ കുത്തിയത്. ആക്രമണത്തിൽ കഴുത്തിലും നട്ടെല്ലിനു സമീപവും ഉൾപ്പെടെ നടന് ആഴത്തിൽ മുറിവേറ്റു. ഉടനെ ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ആക്രമണത്തിന് പിന്നാലെ മുംബൈ പൊലീസിൻ്റെ ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. താരം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.