ടെല്‍ അവീവ്: ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് വിട്ടയച്ച മൂന്ന് ബന്ദികളെ ഇസ്രയേല്‍ സൈന്യം ഏറ്റുവാങ്ങി. ഡോറോന്‍ സ്റ്റെന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍ എന്നീ യുവതികളെയാണ് ഹമാസ് വിട്ടയച്ചത്. റെഡ്ക്രോസ് വളണ്ടിയര്‍മാര്‍ക്കാണ് ഹമാസ് ബന്ദികളെ കൈമാറിയത്.

യുവതികളെ ടെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്ററില്‍ പരിശോധനക്ക് എത്തിക്കും. ഇസ്രയേല്‍-റൊമേനിയന്‍ പൗരയായ ഡോറോന്‍ വെറ്റിനറി നഴ്സാണ്. നോവ സംഗീതനിശയില്‍ പങ്കെടുക്കുന്നതിനിടെയാണ് റോമിയെ ഹമാസ് ബന്ദിയാക്കിയത്. ബ്രിട്ടീഷ് ഇസ്രയേല്‍ പൗരത്വമുള്ള എമിലിയെ ഫാര്‍ അസയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഹമാസ് ബന്ദിയാക്കുന്നത്. ബന്ദികള്‍ മോചിപ്പിക്കപ്പെട്ടതില്‍ ടെല്‍ അവീവിലും വലിയ ആഹ്ലാദപ്രകടനങ്ങള്‍ നടക്കുന്നുണ്ട്. ബന്ദികള്‍ സുരക്ഷിത കരങ്ങളില്‍ എത്തിയതായി ഇസ്രയേലി സൈനിക വക്താവ് പറഞ്ഞു.