ടൊറൻ്റോ : കുടിയേറ്റത്തെത്തുടർന്ന് കാനഡയിലെ പ്രധാന നഗരമായ ടൊറൻ്റോയിലെ ജനസംഖ്യ 70 ലക്ഷം കടന്നതായി ഏറ്റവും പുതിയ റിപ്പോർട്ട്. 3.9% വർധിച്ച് കഴിഞ്ഞ വർഷത്തെ റെക്കോർഡ് മറികടന്നു. 2023 ജൂലൈ മുതൽ 2024 ജൂലൈ വരെ ഏകദേശം 270,000 ആളുകൾ ടൊറൻ്റോ സെൻസസ് മെട്രോപൊളിറ്റൻ ഏരിയയിലേക്ക് (CMA) മാറിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ മൊത്തം ജനസംഖ്യ 71 ലക്ഷമായി. താൽക്കാലിക താമസക്കാരും പുതിയ കുടിയേറ്റക്കാരുമാണ് വളർച്ചയുടെ പ്രധാന കാരണം. രണ്ടു ലക്ഷത്തിലധികം നോൺ-പെർമനൻ്റ് റെസിഡൻ്റ്‌സ് (NPR-കൾ) ഈ പ്രദേശത്തേക്ക് മാറിയിട്ടുണ്ട്. 128,511 ആളുകൾ ടൊറൻ്റോ CMA-യിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. കാനഡയിൽ എത്തുന്ന മൊത്ത കുടിയേറ്റക്കാരിൽ 28% വരും ഇത്.

ധാരാളം തൊഴിലവസരങ്ങളും പ്രസിദ്ധമായ സർവ്വകലാശാലകളും കോളേജുകളും ടൊറൻ്റോയുടെ പ്രധാന ആകർഷണമാണ്. നഗരത്തിലെ നിലവിലുള്ള കുടിയേറ്റ കമ്മ്യൂണിറ്റികളും കാനഡയിലേക്ക് എത്തുന്ന പുതുമുഖങ്ങൾക്ക് പിന്തുണ നൽകുന്നു. എന്നാൽ, പുതിയ സ്ഥിരതാമസക്കാരുടെ എണ്ണം 21% കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഫെഡറൽ സർക്കാരിന്റെ കർശനമായ ഇമിഗ്രേഷൻ നയങ്ങൾ വളർച്ചാ നിരക്ക് മന്ദഗതിയിലാകാൻ കാരണമായേക്കും. ഈ മേഖലയിലേക്ക് വരുന്ന രാജ്യാന്തര വിദ്യാർത്ഥികളുടെയും താൽക്കാലിക തൊഴിലാളികളുടെയും എണ്ണത്തെയും ഇത് ബാധിക്കാനിടയുണ്ട്.