ഓട്ടവ: സാല്‍മൊണെല്ല അണുബാധ പൊട്ടിപുറപ്പെട്ടതിനെതുടര്‍ന്ന് രാജ്യത്ത് അറുപതോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി. കൂടാതെ 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരിച്ചുവിളിച്ച മിനി പേസ്ട്രികളില്‍ നിന്നും വന്ന അണുബാധയാണ് രോഗ കാരണമെന്നാണ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.സ്വീറ്റ് ക്രീം എന്ന ബ്രാന്‍ഡിലുളള മിനി പേസ്ട്രികള്‍ ബേക്കറികള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കഫറ്റീരിയകള്‍, ആശുപത്രികള്‍, റിട്ടയര്‍മെന്റ് വസതികള്‍ എന്നിവിടങ്ങളിലും കാറ്ററിംഗ് ഇവന്റുകളില്‍ വിതരണം ചെയ്തിട്ടുണ്ടെന്നും അവയില്‍ നിന്നാണ് അണുബാധ ഉണ്ടായതെന്നുമാണ് ഏജന്‍സി പറയുന്നത്.

രോഗബാധയുണ്ടായ 61 ആളുകളില്‍ 33 പേര്‍ കെബെക്കിലും 21 പേര്‍ ഒന്റാരിയോയിലും നാല് പേര്‍ ബ്രിട്ടീഷ് കൊളംബിയയിലും രണ്ട് പേര്‍ ആല്‍ബര്‍ട്ടയിലും ഒരാള്‍ ന്യൂ ബ്രണ്‍സ്വിക്കിലുമാണ്. അതേസമയം മൂന്ന് മുതല്‍ 88 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് രോഗബാധ കൂടുതലായി സ്ഥിരീകരിച്ചിരിക്കുന്നതെന്നും ഇവരില്‍ 61 ശതമാനവും സ്ത്രീകളാണെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
2025 ജൂണ്‍ 17 മുതല്‍ 2025 നവംബര്‍ 15 വരെയുള്ള തീയതികളില്‍ വിറ്റഴിച്ച സ്വീറ്റ് ക്രീം മിനി പാറ്റിസറി നാല് കിലോഗ്രാം ബോക്‌സുകളും ഒരു കിലോഗ്രാം ട്രേകളുമാണ് അണുബാധക്ക് കാരണമായതെന്നാണ് കനേഡിയന്‍ ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി പുറപ്പെടുവിച്ച ഒരു അറിയിപ്പില്‍
പറയുന്നത്.
പനി, തലവേദന, ഛര്‍ദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളാണ് സാല്‍മൊണെല്ല രോഗത്തിന്റെ ലക്ഷണങ്ങള്‍. ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, ദുര്‍ബലമായ രോഗപ്രതിരോധ ശേഷി ഉള്ളവര്‍ എന്നിവര്‍ക്ക് അണുബാധ കൂടുതല്‍ ഗുരുതരമാകുമെന്നും ഫുഡ് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.