വൻകൂവർ: കാംബി സ്ട്രീറ്റ് ബ്രിഡ്ജിലേക്കുള്ള സീസ്മിക് നവീകരണത്തിനായി ധനസഹായം ആവശ്യപ്പെട്ട് ജീവനക്കാർ. 3.5 കോടി ഡോളർ കൂടി അനുവദിക്കണമെന്നാണ് വൻകൂവർ സിറ്റി കൗൺസിലിനോട് അഭ്യർത്ഥിച്ചത്. ഏകദേശം 22 കോടി ഡോളറാണ് പദ്ധതിയുടെ ആകെ ചിലവ്. 2019 ലെ റിപ്പോർട്ടനുസരിച്ച് നിലവിലെ പാലം ഭൂകമ്പ കോഡുകൾ പാലിക്കുന്നില്ലെന്നും പ്രകൃതിദുരന്തത്തെ നേരിടാൻ പര്യാപ്തമല്ലെന്നും കണ്ടെത്തിയിരുന്നു. ലൊസാഞ്ചലസ് തീപിടുത്തം പോലുള്ള സമീപകാല ദുരന്തങ്ങൾക്ക് ശേഷം സീസ്മിക് നവീകരണങ്ങളിൽ നിക്ഷേപം അനിവാര്യമാണെന്ന് സിറ്റി കൗൺസിലർ പീറ്റ് ഫ്രൈ പറഞ്ഞു.

ഒരിക്കൽ നവീകരിച്ച പാലത്തിന് ഭൂകമ്പത്തെ ചെറുക്കാനും ഇപ്പോഴും ഉപയോഗയോഗ്യമാണെന്നും ഫ്രൈ കൂട്ടിച്ചേർത്തു. പദ്ധതിയുടെ ആകെ ചിലവിന്റെ 8.4 കോടി ഡോളർ വരെ ഫെഡറൽ ഫണ്ടിങ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിറ്റി. എന്നാൽ, ധനസഹായം ലഭിച്ചില്ലെങ്കിൽ നവീകരണത്തിൻ്റെ മുഴുവൻ ചെലവും വഹിക്കേണ്ടിവരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.