കഴിഞ്ഞ 18 വര്‍ഷമായി സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന് ഇന്നും മോചന ഉത്തരവില്ല. റിയാദ് ക്രിമിനല്‍ കോടതിയില്‍ ഇന്ന് രാവിലെ വാദം തുടങ്ങിയെങ്കിലും കേസ് വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു. ഇത് ഏഴാം തവണയാണ് വിധി പറയുന്നത് മാറ്റി വയ്ക്കുന്നത്.
ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. കോടതിയുടെ സ്വാഭാവികമായ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലാണ് അബ്ദുല്‍ റഹീമിന്റെ മോചനം നീളുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളില്‍ ഇനി കോടതി തീരുമാനം വന്നാല്‍ മാത്രമേ മോചനം സാധ്യമാകൂ.

2006 നവംബര്‍ 28ന് 26-ാം വയസ്സിലാണ് കോഴിക്കോട് ജില്ലയിലെ ഫറോക്ക് മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുല്‍ റഹീം ഹൗസ് ഡ്രൈവ് വിസയില്‍ റിയാദിലെത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ശഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു ജോലി. ജോലി ലഭിച്ച് റിയാദിലെത്തി ഒരു മാസം തികയും മുന്‍പാണ് കൊലപാതക കേസില്‍ അകപ്പെട്ട് റഹീം ജയിലാകുന്നത്.