ന്യൂയോർക്ക്: അനധികൃതമായി കുടിയേറിയവരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരെയും നാടുകടത്തി ഡോണൾഡ് ട്രംപ്. ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ അമേരിക്കയുടെ സൈനീക വിമാനത്തിൽ തിരിച്ചയതായാണ് റിപ്പോർട്ട്. വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടുവെന്നും 24 മണിക്കൂറിനകം എത്തിച്ചേരുമെന്നാണ് വിവരം. 2023 ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ വരെ കുടിയേറിയ 1,100 ഇന്ത്യക്കാരെ നാടുകടത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. യുഎസ് തയാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ ആകെയുള്ള 15 ലക്ഷം പേരിൽ 18,000 പേരും ഇന്ത്യക്കാരാണ്.

നാടുകടത്തുന്നതിന്റെ ഭാഗമായി ഇതുവരെ 5,000ൽ അധികം പേരെ ട്രംപ് ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ഈ വിമാനങ്ങൾ അയച്ചത്. ലാറ്റിൻ അമേരിക്കയിലേക്ക് ഇതുവരെ ആറു വിമാനങ്ങളിൽ ആളുകളെ അയച്ചെങ്കിലും നാലെണ്ണം മാത്രമേ നിലവിൽ ലാൻഡ് ചെയ്തുള്ളൂ. അതേസമയം, കൊളംബിയയിലേക്ക് അയച്ച രണ്ട് വിമാനങ്ങൾ അവിടെയിറക്കാൻ രാജ്യം അനുമതി കൊടുത്തില്ല.