ന്യൂഡല്‍ഹി: അനധികൃതമായി കുടിയേറിയെന്ന് കണ്ടെത്തി യുഎസ് തിരിച്ചയച്ച ഇന്ത്യക്കാരെ കൈവിലങ്ങും ചങ്ങലയും ധരിപ്പിച്ചത് അമേരിക്കയുടെ നടപടിക്രമത്തിന്‍റെ ഭാഗമായാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ രാജ്യസഭയില്‍. അമേരിക്കയുടേത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും കേന്ദ്രം ആവശ്യമായ ഇടപെടൽ നടത്തിയില്ലെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയായാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റാണ് യു എസില്‍നിന്ന് ആളുകളെ തിരിച്ചയക്കുന്ന നടപടി ക്രമങ്ങൾ നടപ്പിലാക്കുക. വിമാനംവഴിയുള്ള നാടുകടത്തലുകള്‍ക്കുള്ള എസ്.ഒ.പി., 2012-ല്‍ നിലവില്‍ വന്നത് പ്രകാരം യാത്രക്കാർക്കുമേല്‍ നിയന്ത്രണങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. പത്തുമണിക്കൂര്‍ യാത്രയ്ക്കിടയില്‍ യാത്രക്കാർക്ക് ഭക്ഷണവും മരുന്നുകളും ലഭിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. അതേസമയം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മേല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നില്ലെന്നും ഐ.സി.ഇ അറിയിച്ചതായും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.