ടൊറന്റോ: ഡോക്ടർമാർക്ക് രാജ്യവ്യാപകമായി ലൈസൻസ് നൽകണമെന്ന് ഫെഡറൽ സർക്കാരിനോട് ആവശ്യപ്പെട്ട് കനേഡിയൻ മെഡിക്കൽ അസോസിയേഷൻ. ഏത് പ്രവിശ്യയിലും ടെറിറ്ററിയിലും ഡോക്ടർമാർക്ക് ജോലി ചെയ്യുന്നത് എളുപ്പമാക്കാൻ ഇത് സഹായകമാകും. കാനഡക്കാർക്ക് ആരോഗ്യ സംരക്ഷണം സുഗമമാക്കാൻ സർക്കാരുകൾ തയ്യാറാകണമെന്നാണ് കനേഡിയൻ മെഡിക്കൽ അസോസിയേഷന്റെ ആവശ്യം.

പ്രവിശ്യകൾക്കും ടെറിറ്ററികൾക്കും ഇടയിലുള്ള ആഭ്യന്തര വ്യാപാര തടസ്സങ്ങൾ നീക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ, കനേഡിയൻ ജനതയ്ക്ക് ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിന് ഈ അവസരം ഉപയോഗിക്കണമെന്ന് സിഎംഎ പ്രസിഡന്റ് ഡോ. ജോസ് റീമർ നയരൂപീകരണ വിദഗ്ധരോട് അഭ്യർത്ഥിച്ചു. ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കുന്നത് രോഗികൾക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ നൽകുമെന്നും അദ്ദേഹം പറയുന്നു. അന്താരാഷ്ട്ര മെഡിക്കൽ ബിരുദധാരികൾക്ക് കാനഡയിൽ പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് നേടുന്നതിന് നിലവിലെ നിയമം തടസ്സമാകുമെന്ന് റീമർ കൂട്ടിച്ചേർത്തു.