എഡ്മിന്റൻ : നഗരത്തിലെ പ്രധാന പാലങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് എഡ്മിന്റൻ സിറ്റി. നഗരത്തിലുടനീളമുള്ള പാലങ്ങളുടെ സുരക്ഷയും ദീർഘായുസ്സും ഉറപ്പാക്കുക എന്നതാണ് പാലം നവീകരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. വെല്ലിങ്ടൺ പാലം, ഡോസൺ പാലം, ലോ ലെവൽ പാലം (സൗത്ത് ബൗണ്ട്), ഹൈ ലെവൽ പാലം എന്നിവയാണ് സിറ്റിയുടെ ഈ വർഷത്തെ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പെട്ടെന്നുള്ള അടച്ചുപൂട്ടലുകൾ ഒഴിവാക്കാനും പാലങ്ങളുടെ പ്രവർത്തനം സുഗമമായി തുടരാനും സിറ്റിയുടെ നേതൃത്വത്തിൽ പതിവായി പരിശോധനകൾ, അറ്റകുറ്റപ്പണികൾ, പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവ നടത്തും. തടസ്സങ്ങൾ പരമാവധി കുറയ്ക്കുന്നതിനായി, എഡ്മിന്റൻ നഗര കേന്ദ്രവുമായി ഓരോ പ്രൊജക്ടുകളെയും ബന്ധിപ്പിക്കും. പ്രദേശത്തെ താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, പാലത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കുന്നതിനും പുതുക്കുന്നതിനും നിക്ഷേപം നടത്താനുള്ള സിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പാലം നവീകരണ പരിപാടി.