ടൊറന്റോ : ഓഫ് റോഡ് വാഹനങ്ങള്‍ കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കനേഡിയന്‍ പീഡിയാട്രിക് സൊസൈറ്റി. ഓഫ് റോഡ് വാഹനാപകടങ്ങളില്‍ മരിക്കുന്നതില്‍ മൂന്നിലൊന്നും കുട്ടികളാണെന്നും സൊസൈറ്റി നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഓഫ്-റോഡ് വാഹനങ്ങളായ ഓള്‍-ടെറൈന്‍ വാഹനങ്ങളിലും സൈഡ്-ബൈ-സൈഡ് വാഹനങ്ങളിലും സഞ്ചരിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്നതിന് മികച്ച നിയന്ത്രണവും സുരക്ഷാ നടപടികളും സ്വീകരിക്കണമെന്ന് കനേഡിയന്‍ പീഡിയാട്രിക് സൊസൈറ്റി ആവശ്യപ്പെട്ടു. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് മുന്‍കരുതലായി ഫെഡറല്‍, പ്രവിശ്യ, ടെറിട്ടോറിയല്‍ ഗവണ്‍മെന്റുകള്‍ മറ്റ് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പോലെ ഓഫ്-റോഡ് വാഹനങ്ങളുടെ ഉപയോഗവും നിയന്ത്രിക്കണമെന്ന് പീഡിയാട്രിക് സൊസൈറ്റി നിര്‍ദ്ദേശിച്ചു.
ഓഫ് റോഡ് വാഹനങ്ങള്‍ ഓടിക്കാന്‍ കുട്ടികള്‍ക്ക് കുറഞ്ഞത് 16 വയസ്സും യാത്ര ചെയ്യാന്‍ 12 വയസ്സും പ്രായ പരിധി നിശ്ചയിക്കണം. അതോടൊപ്പം സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയ ഹെല്‍മെറ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും അവര്‍ പറയുന്നു. ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നത് തലയ്ക്കോ കഴുത്തിനോ ഗുരുതരമായ പരിക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടി കൂടുതലാണെന്നും സെസൈറ്റി കൂട്ടിച്ചേര്‍ക്കുന്നു. മണ്‍പാതകളിലും വനപ്രദേശങ്ങളിലും ഉപയോഗിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഇത്തരം വാഹനങ്ങള്‍ ഹാര്‍ഡ്-പ്രതല റോഡുകളില്‍ ഓടിക്കരുതെന്നും സൊസൈറ്റിപറയുന്നു.