ടൊറൻ്റോ : ഒൻ്റാരിയോ പ്രവിശ്യാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂട് പിടിക്കവേ തിരഞ്ഞെടുപ്പ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി. പ്രവിശ്യയുടെ സാമ്പത്തിക വളർച്ച വർധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള പ്ലാറ്റ്‌ഫോം 4000 കോടി ഡോളറിന്റെ നിക്ഷേപമാണ് വാഗ്ദാനം ചെയ്യുന്നത്.
അമേരിക്കൻ താരിഫുകൾക്ക് മറുപടി നൽകുന്നതിനും ഒൻ്റാരിയോയിലെ വ്യാപാര സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനുമായി 500 കോടി ഡോളർ ചിലവഴിക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. മദ്യത്തിന്റെ ഏറ്റവും കുറഞ്ഞ ചില്ലറ വിൽപ്പന വില ഒഴിവാക്കാനുള്ള നിർദ്ദേശവും പ്ലാറ്റ്ഫോമിൽ ഉൾപ്പെടുന്നു. വിദ്യാർത്ഥികൾക്ക് സ്‌കിൽഡ് ട്രേഡ്സ് പരിശീലനം നൽകാൻ 70.5 കോടി ഡോളർ, ഒൻ്റാരിയോയിലെ ഭവനക്ഷാമം പരിഹരിക്കാൻ 5 കോടി ഡോളർ എന്നിങ്ങനെയും പാർട്ടി വകയിരുത്തിയിട്ടുണ്ട്. ഹൈവേ 401-ന് കീഴിലെ തുരങ്ക നിർമ്മാണവും പാർട്ടിയുടെ പദ്ധതികളിൽ ഉൾപ്പെടുന്നു.

അതേസമയം, എൻഡിപി ലീഡർ മാരിറ്റ് സ്റ്റൈൽസ്, ലിബറൽ പാർട്ടി ലീഡർ ബോണി ക്രോംബി, ഗ്രീൻ പാർട്ടി ലീഡർ മൈക്ക് ഷ്രെയ്നർ തുടങ്ങിയവർ ഇതിനകം തന്നെ പ്ലാറ്റ്‌ഫോമുകൾ പുറത്തിറക്കിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് പ്രവിശ്യാ തിരഞ്ഞെടുപ്പ്.