ജനീവ: ലോകമെങ്ങും മനുഷ്യാവകാശം ഞെരുക്കപ്പെടുകയാണെന്ന് ഐക്യരാഷ്ട്രസഭാ (യു.എൻ.) സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. അധികാരത്തിനും ലാഭത്തിനുമുള്ള ശ്രമങ്ങൾക്കു തടസ്സമായി മനുഷ്യാവകാശങ്ങളെ കാണുന്നതിൽ അദ്ദേഹം രോഷംപ്രകടിപ്പിച്ചു. മനുഷ്യാവകാശകൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ് ഗുട്ടെറസിന്റെ പരാമർശങ്ങൾ.
യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തെ അദ്ദേഹം അപലപിച്ചു. ഇസ്രയേലും ഹമാസും തമ്മിൽ സ്ഥിരം വെടിനിർത്തൽ വേണമെന്നും ഡിആർ കോംഗോയുടെ ഭൗമപരമായ അഖണ്ഡതയെ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“സ്വേച്ഛാധിപതികൾ മനുഷ്യാവകാശങ്ങളെ ശ്വാസംമുട്ടിക്കുകയും പ്രതിപക്ഷത്തെ ഞെരുക്കുകയുമാണ്. ശരിക്കും ശാക്തീകരിക്കപ്പെട്ട ജനത്തെക്കുറിച്ചുള്ള ഭയമാണ് കാരണം. മനുഷ്യാവകാശങ്ങളെ മാനുഷ്യരാശിക്കുള്ള അനുഗ്രഹമായിട്ടില്ല, അധികാരത്തിനും ലാഭത്തിനും തങ്ങളാഗ്രഹിക്കുന്ന നിയന്ത്രണത്തിനുമുള്ള തടസ്സമായാണ് അവർ കാണുന്നത്” ഗുട്ടെറസ് പറഞ്ഞു.
മനുഷ്യാവകാശകൗൺസിലിൽനിന്ന് യുഎസ് പിന്മാറുകയാണെന്ന് മൂന്നാഴ്ചമുൻപ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.