വാഷിങ്ടണ്‍ : ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ബയോടെക് സംരംഭകൻ വിവേക് രാമസ്വാമി.
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് തൊട്ടുപിന്നാലെ ട്രംപിന്റെ കാബിനറ്റില്‍ നിന്ന് പിന്മാറുന്നതായി ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി അറിയിച്ചിരുന്നു . ഇലോണ്‍ മസ്‌കിന് പൂര്‍ണ ചുമതല നല്‍കിക്കൊണ്ട്, സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ രൂപീകരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി(ഡോജ്)യില്‍ നിന്നാണ് വിവേക് രാമസ്വാമി പിന്മാറിയത്. 39 കാരനായ വിവേക് നിലവില്‍ ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെയും വിശ്വസ്തന്‍ കൂടിയാണ്.

നിലവിലെ ഗവര്‍ണര്‍ മൈക്ക് ഡിവൈനിന്റെ കാലാവധി അവസാനിക്കുമ്പോള്‍ വരുന്ന ഒഴിവിലേക്കുള്ള മത്സരത്തില്‍ സംസ്ഥാന അറ്റോണി ജനറല്‍ ഡേവ് യോസ്റ്റ്, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് കമ്മീഷന്‍ അംഗമായിരുന്ന ഹീതര്‍ ഹില്‍ എന്നിവരാണ് രാമസ്വാമിയുടെ മുഖ്യ എതിരാളികള്‍. 2026 നവംബറിലാണ് ഒഹായോ ഗവര്‍ണര്‍ തിരഞ്ഞെടുപ്പ്.