മൺട്രിയോൾ : കാനഡ-യുഎസ് അതിർത്തിക്ക് സമീപം നടത്തിയ ബോർഡർ പട്രോളിങ്ങിൽ മനുഷ്യക്കടത്ത് സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. അന്വേഷണത്തിൽ ഇവർ യുഎസിൽ നിന്ന് അനധികൃതമായി കാനഡയിലേക്ക് കടന്നതായി കണ്ടെത്തി. ഒരു ഡ്രൈവറെയും കള്ളക്കടത്തുകാരനെന്ന് ആരോപിക്കപ്പെടുന്നയാളെയുമാണ് പൊലീസ് പിടികൂടിയത്.

തുടർന്ന് നടന്ന അന്വേഷണത്തിൽ അതിർത്തിയിൽ നിന്നും കനത്ത തണുപ്പിൽ ഹൈപ്പോഥെർമിയ ബാധിതരായ അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കെബെക്ക് ഹിഞ്ചിൻബ്രൂക്കിന് സമീപമാണ് അഞ്ച് പേരെയും കണ്ടെത്തിയത്. ഇവർക്ക് രോഗം കാരണം യാത്ര തുടരാൻ കഴിഞ്ഞില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആർസിഎംപിയുടെയും യുഎസ് ബോർഡർ പട്രോളിന്റെയും സഹായത്തോടെ വാലിഫീൽഡിൽ നിന്നുള്ള 20 ഏജന്റുമാരടങ്ങിയ ബോർഡർ പട്രോളിങ് സംഘമാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. അടിയന്തര പ്രതികരണ സംഘത്തിന് (ERT) പുറമേ, അടുത്തിടെ ചാർട്ട് ചെയ്ത ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും ഉപയോഗിച്ചായിരുന്നു ആർസിഎംപിയുടെ തിരച്ചിൽ.
