സിംഗപൂര്‍: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 4,000 തസ്തികകള്‍ വെട്ടിക്കുറക്കുമെന്ന് സിംഗപ്പൂരിലെ ഏറ്റവും വലിയ ധനകാര്യസ്ഥാപനമായ ഡിബിഎസ് ബാങ്ക്. ജീവനക്കാര്‍ക്ക് പകരം നിര്‍മിത ബുദ്ധിയെ ഉപയോഗിക്കുമെന്നും ബാങ്ക് അറിയിച്ചു. താല്‍ക്കാലിക, ആദ്യഘട്ടത്തില്‍ കരാര്‍ ജീവനക്കാരുടെ തസ്തികകളായിരിക്കും ഒഴിവാക്കുക. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ജീവനക്കാരുടെ എണ്ണം കുത്തനെ കുറയും. എന്നാല്‍ നിലവില്‍ സ്ഥിരം ജീവനക്കാരെ ബാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) യുമായി ബന്ധപ്പെട്ട് ഏകദേശം 1,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ഡിബിഎസിന്റെ സ്ഥാനമൊഴിയുന്ന സിഇഒ പീയൂഷ് ഗുപ്ത പറഞ്ഞു. സിംഗപ്പൂരില്‍ എത്ര ജോലികള്‍ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി പ്രത്യേകമായി വെളിപ്പെടുത്തിയിട്ടില്ല.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, നിര്‍ദ്ദിഷ്ട പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ 19 വിപണികളിലായി ഏകദേശം 4,000 താല്‍ക്കാലിക/കരാര്‍ ജീവനക്കാരെ ഒഴിവാക്കാന്‍ എഐ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിബിഎസ് വക്താവ് പറഞ്ഞു. നിലവില്‍, ഡിബിഎസില്‍ 8,000 മുതല്‍ 9,000 വരെ താല്‍ക്കാലിക, കരാര്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഏകദേശം 41,000 പേരാണ് ബാങ്കിനാകമാനമുള്ള ജോലിക്കാര്‍.