ജറുസലം: കൊടുംതണുപ്പിൽ ഗാസയിൽ രണ്ടാഴ്ചയ്ക്കിടെ മരിച്ചത് മാസങ്ങൾ മാത്രം പ്രായമുള്ള 6 കുഞ്ഞുങ്ങൾ. പലസ്തീൻ അധികൃതരാണ് ഇക്കാര്യം പുറത്തുവിട്ടത്. രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ഏറ്റവും ഒടുവിൽ മരിച്ചത്. ആയിരക്കണക്കിനു പലസ്തീൻ കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത് തണുപ്പിൽനിന്നു രക്ഷ കിട്ടാത്ത തരത്തിലുള്ള താൽക്കാലിക കൂടാരങ്ങളിലാണ്. അടച്ചുറപ്പുള്ള മൊബൈൽ വീടുകൾ അതിർത്തിയിലെത്തിയിട്ടുണ്ടെങ്കിലും ഇസ്രയേൽ തടഞ്ഞുവച്ചിരിക്കുകയാണ്.

അവശേഷിക്കുന്ന 63 ബന്ദികളെയും തിരിച്ചെത്തിക്കുന്നതുവരെ ഗാസ വെടിനിർത്തൽ തുടരുന്നതു പരിഗണനയിലുണ്ടെങ്കിലും ധാരണ ആയിട്ടില്ലെന്ന് ഇസ്രയേൽ ഉപ വിദേശകാര്യമന്ത്രി ഷരൺ ഹസ്കൽ പറഞ്ഞു. ജനുവരി 19ന് ആരംഭിച്ച വെടിനിർത്തൽ ഒന്നാം ഘട്ടം ശനിയാഴ്ച അവസാനിക്കും. രണ്ടാം ഘട്ട ചർച്ച നടന്നിട്ടില്ല.