ഓട്ടവ : ലിബറല്‍ നേതൃത്വ മത്സരത്തില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ എംപി റൂബി ധല്ല നല്‍കിയ അപ്പീല്‍ തള്ളി. പാര്‍ട്ടിയുടെ ഫ്രഞ്ച് ഭാഷാ സംവാദം ആരംഭിക്കുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ്, ലിബറല്‍ പാര്‍ട്ടി ദേശീയ ഡയറക്ടര്‍ അസം ഇസ്മായേല്‍ ആണ് അപ്പീല്‍ തള്ളിയ വിവരം വ്യക്തമാക്കിയത്. റൂബി ധല്ല ഒന്നിലധികം നിയമങ്ങള്‍ ലംഘിച്ചുവെന്ന് പാര്‍ട്ടിയുടെ വോട്ട് കമ്മിറ്റി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി.

ദേശീയ നേതൃത്വ നിയമങ്ങള്‍, നേതൃത്വ വോട്ട് നിയമങ്ങള്‍, നേതൃത്വ ചെലവ് നിയമങ്ങള്‍ എന്നിവ അടക്കം 10 ലംഘനങ്ങള്‍ നടത്തിയെന്ന് തീരുമാനിച്ച ലീഡര്‍ഷിപ്പ് വോട്ട് കമ്മിറ്റിയുടെയും ലീഡര്‍ഷിപ്പ് ചെലവ് കമ്മിറ്റിയുടെയും തീരുമാനത്തിനെതിരെ റൂബിയുടെ അപ്പീല്‍ തിങ്കളാഴ്ച്ച കമ്മിറ്റി പരിശോധിച്ചിരുന്നു.
അതേസമയം അപ്പീല്‍ തള്ളിയതിനോടെ ധല്ല തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പ്രതികരിച്ചു. ‘ജനാധിപത്യം, സ്വതന്ത്രമായ സംസാരം, ന്യായമായ തിരഞ്ഞെടുപ്പ് എന്നിവയില്‍ വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് കാനഡക്കാര്‍ക്കു വേണ്ടി പോരാടുക എന്നതായിരുന്നു എന്റെ അഭ്യര്‍ത്ഥന. ‘ഇത് അവസാനമല്ല, മറിച്ച് സത്യത്തിനായുള്ള ഒരു പുതിയ പ്രസ്ഥാനത്തിന്റെ തുടക്കമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.