ടൊറൻ്റോ : ലിബറൽ എംപി മേരി മാർഗരറ്റ് മക്മഹോണിന്‍റെ കോൺസ്റ്റിറ്റൻസി ഓഫീസ് തീപിടുത്തത്തിൽ കത്തി നശിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച പുലർച്ചെയാണ് ഡാൻഫോർത്ത് അവന്യൂവിന് നോർത്ത് ഭാഗത്തുള്ള ഗ്ലെബമൗണ്ട് അവന്യൂവിലുള്ള ഓഫീസിന് തീപിടിച്ചത്. ടൊറൻ്റോ ഫയർഫോഴ്‌സ് എത്തി തീ അണച്ചു. സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

ഫെബ്രുവരി 27-ന് നടക്കുന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ബീച്ചസ്-ഈസ്റ്റ് യോർക്കിലെ നിലവിലെ സ്ഥാനാർത്ഥിയാണ് മേരി മാർഗരറ്റ്. ഞായറാഴ്ച രാവിലെ റൈഡിങ്ങിൽ പ്രചാരണം നടത്തുന്നതിനിടെയാണ് ഇക്കാര്യം താൻ അറിഞ്ഞതെന്നും മേരി മാർഗരറ്റ് പറയുന്നു. ജില്ലാ അഗ്നിശമന സേനാ മേധാവി സംഭവസ്ഥലത്തെത്തി പരിശോധിച്ചതായും തീപിടിത്തത്തിൽ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്നും പൊലീസ് പറഞ്ഞു.