സെന്റ് ജോൺസ് : ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രീമിയർ ആൻഡ്രൂ ഫ്യൂറി രാജിവച്ചു. കുടുംബത്തിലേക്കും മെഡിക്കൽ ജീവിതത്തിലേക്കും മടങ്ങാനുള്ള ആഗ്രഹം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇന്ന് രാജി പ്രഖ്യാപനം നടത്തിയത്.
ഓർത്തോപീഡിക് സർജനായ ആൻഡ്രൂ ഫ്യൂറി 2020 ഓഗസ്റ്റ് മുതൽ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിന്റെ പ്രീമിയറാണ്. പകരക്കാരനെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം പദവിയിൽ തുടരും. താൻ ഒരു കരിയർ രാഷ്ട്രീയക്കാരനല്ലെന്ന് ആൻഡ്രൂ ഫ്യൂറി പറഞ്ഞു. തന്റെ ജോലി അഞ്ച് വർഷത്തെ ഷിഫ്റ്റ് പോലെയാണ്. രാഷ്ട്രീയത്തിൽ ‘ജീവപര്യന്തം തടവുകാരനാകാൻ’ ആഗ്രഹിക്കുന്നില്ലെന്നും രാജി പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ആഴ്ചയ്ക്കുള്ളിൽ രാജിവയ്ക്കുന്ന രണ്ടാമത്തെ അറ്റ്ലാന്റിക് പ്രീമിയറാണ് അദ്ദേഹം. അഞ്ച് വർഷത്തെ ഭരണത്തിന് ശേഷമാണ് പ്രീമിയർ രാജി പ്രഖ്യാപനം നടത്തിയത്.

കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി നിലനിൽക്കെ വെല്ലുവിളികൾ നിറഞ്ഞ സമയത്താണ് ഫ്യൂറിയുടെ തീരുമാനം. എന്നാൽ, യുഎസുമായുള്ള വരാനിരിക്കുന്ന വ്യാപാര യുദ്ധമല്ല തന്റെ പിന്മാറ്റത്തിന് കാരണമെന്ന് അദ്ദേഹം വിശദമാക്കി.