ടൊറന്റോ : യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ഒന്റാരിയോ പ്രോഗ്രസീവ് കൺസർവേറ്റീവ് നേതാവ് ഡഗ് ഫോർഡ്. വരാനിരിക്കുന്ന ട്രംപ് താരിഫുകളുടെ പശ്ചാത്തലത്തിൽ, അടുത്ത നാല് വർഷത്തേക്ക് ഒന്റാരിയോ എന്തിനും തയ്യാറായിരിക്കണമെന്നും ഡഗ് ഫോർഡ് മുന്നറിയിപ്പ് നൽകി. പ്രവിശ്യാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കനേഡിയൻ ഇറക്കുമതികൾക്കും 25% തീരുവ ഏർപ്പെടുത്താനും കനേഡിയൻ ഊർജ്ജത്തിന് 10% കുറവ് ലെവി ഏർപ്പെടുത്താനുമാണ് യുഎസ് പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ആവശ്യപ്പെടുന്നത്. അതിർത്തിയിൽ പുതിയ സുരക്ഷാ നടപടികൾ അവതരിപ്പിക്കാൻ കാനഡ സമ്മതിച്ചതിനെത്തുടർന്ന് മാർച്ച് 4 ലേക്ക് നീട്ടിയ താരിഫുകൾ ഷെഡ്യൂൾ പ്രകാരം അന്ന് തന്നെ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഒന്റാരിയോ അമേരിക്കയിലേക്ക് അയയ്ക്കുന്ന വൈദ്യുതിക്ക് അമേരിക്കക്കാർ കൂടുതൽ പണം നൽകണമെന്ന് ഫോർഡ് നിർദ്ദേശിച്ചു. അവിടേക്ക് അയയ്ക്കുന്ന വൈദ്യുതിയുടെ വില ഞങ്ങൾ പുനഃപരിശോധിക്കുമെന്നും കാനഡയിലോ ഒന്റാരിയോയിലോ യു എസ് ഏതെങ്കിലും തരത്തിൽ നികുതി ചുമത്തിയാൽ, അവരിൽ നിന്ന് വൈദ്യുതി താരിഫ് ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് വീണ്ടും അധികാരത്തിൽ ഏറിയതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രവിശ്യയിൽ സ്നാപ്പ് ഇലക്ഷൻ നടത്തണമെന്ന് ഡഗ് ഫോർഡ് പ്രഖ്യാപിച്ചത്. അതേസമയം, 18.9 കോടി ഡോളറിന്റെ തിരഞ്ഞെടുപ്പ് അനാവശ്യമാണെന്ന് മറ്റ് പാർട്ടി നേതാക്കൾ വിമർശിച്ചു. പ്രവിശ്യയുടെ താൽപ്പര്യങ്ങളെക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് ഡഗ് ഫോർഡ് മുൻഗണന നൽകുന്നുവെന്ന് ലിബറൽ നേതാവ് ബോണി ക്രോംബി ആരോപിച്ചു.