മൺട്രിയോൾ : രണ്ടു ദിവസത്തെ ലിബറൽ നേതൃത്വ സംവാദം മൺട്രിയോളിൽ തിങ്കളാഴ്ച്ച തുടങ്ങി. ആദ്യ ദിവസത്തെ ഫ്രഞ്ച് ഭാഷ സംവാദത്തിൽ അടിതെറ്റി മുൻ നിരയിലുള്ള മാർക്ക് കാർണി. ഗാസയിലെ യുദ്ധത്തെ കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് മാർക്ക് കാർണിക്ക് തെറ്റ് പറ്റിയത്. മറ്റു ലിബറൽ സ്ഥാനാർഥികളായ ക്രിസ്റ്റിയ ഫ്രീലാൻഡ്, കരീന ഗൗൾഡ്, ഫ്രാങ്ക് ബെയ്‌ലിസ് എന്നിവരുൾപ്പടെ വേദിയിലിരുന്ന നാല് പേർ ഹമാസുമായി “യോജിച്ചു”എന്ന് അദ്ദേഹം തെറ്റായി പ്രസ്താവിച്ചു. എന്നാൽ, ഫ്രീലാൻഡ് അത് തിരുത്തുകയും അവർ ഹമാസിന് എതിരാണെന്നും വ്യക്തമാക്കി. അതേസമയം, ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുന്നുവെന്ന് കാർണിയും പ്രസ്താവിച്ചു.

എന്നാൽ, കാർണിയുടെ വീഴ്ചയിൽ കൺസർവേറ്റീവുകൾ ഉടൻ തന്നെ വിമർശിച്ചു. ബാങ്ക് ഓഫ് കാനഡയുടെ മുൻ ഗവർണർ എന്ന നിലയിൽ കാർണിയുടെ ഫ്രഞ്ച് സംസാരിക്കാനുള്ള കഴിവിനെ പിയറി പൊളിയേവിന്റെ വക്താവ് സെബാസ്റ്റ്യൻ സ്കാംസ്കി ചോദ്യം ചെയ്തു. പക്ഷെ, ലിബറൽ എംപി ആന്റണി ഹൗസ്ഫാദർ കാർണിയെ ന്യായീകരിച്ചു. രണ്ടാം ഭാഷയിൽ ചർച്ച ചെയ്യുന്നത് എളുപ്പമല്ലെന്ന് അദ്ദേഹം എക്‌സിലെ പങ്കുവെച്ചു.