വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ സൗത്ത് കോസ്റ്റിൽ രാത്രിയിലുണ്ടായ ശക്തമായ കൊടുങ്കാറ്റിനെത്തുടർന്ന് ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി മുടങ്ങി. സതേൺ വൻകൂവർ ദ്വീപിൽ ചൊവ്വാഴ്ച ഏഴായിരത്തിലധികം പേർ വൈദ്യുതി തടസ്സം നേരിടുന്നതായി ബിസി ഹൈഡ്രോ റിപ്പോർട്ട് ചെയ്യുന്നു. കൊടുങ്കാറ്റിൽ ദ്വീപിലും ലോവർ മെയിൻലാൻഡിലുമായി ഇരുപതിനായിരത്തിലധികം പേർ ഇരുട്ടിലായി. എന്നാൽ, രാവിലെ 9 മണിയോടെ മിക്കയിടങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചതായി ബിസി ഹൈഡ്രോ വ്യക്തമാക്കി.

തീരത്ത് ശക്തമായ കാറ്റ് അനുഭവപ്പെട്ടതായും വിക്ടോറിയയ്ക്ക് സമീപമുള്ള ഡിസ്കവറി ദ്വീപിൽ മണിക്കൂറിൽ 96 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയതായും എൻവയൺമെന്റ് കാനഡ അറിയിച്ചു. വിക്ടോറിയ, സാവാസ്സെൻ എന്നിവയുൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലും ശക്തമായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ എല്ലാ മുന്നറിയിപ്പുകളും കാലാവസ്ഥാ ഏജൻസി പിൻവലിച്ചു. പ്രതികൂല കാലാവസ്ഥ കാരണം ബിസി ഫെറികൾ റദ്ദാക്കിയ സർവീസുകളും പിന്നീട് പുനരാരംഭിച്ചു.