വാഷിങ്ടണ്‍: വിദേശ നിക്ഷേപകര്‍ക്ക് 35 വര്‍ഷം പഴക്കമുള്ള വീസയ്ക്ക് പകരമായി അഞ്ച് മില്യണ്‍ യുഎസ് ഡോളറിന് ‘ഗോള്‍ഡ് കാര്‍ഡ്’ വാഗ്ദാനം ചെയ്യാന്‍ പദ്ധതിയിടുന്നതായി ട്രംപ്. നിലവിലെ ഗ്രീന്‍ കാര്‍ഡിന്റെ മാതൃകയിലായിരിക്കും ഈ പദ്ധതി. എന്നാല്‍ അധിക ആനുകൂല്യങ്ങള്‍ ‘ഗോള്‍ഡ് കാര്‍ഡ്’ പദ്ധതിയിലൂടെ ലഭിക്കും എന്നതാണ് പ്രത്യേകത. കൂടാതെ അമേരിക്കന്‍ പൗരത്വം നേടുന്നതിനുള്ള വഴിയും തുറക്കും.
പുതിയ പദ്ധതി അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്നും പാര്‍ലമെന്റിന്റെ അംഗീകാരം പോലും ആവശ്യമില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇതിനിടയില്‍, റഷ്യയിലെ സമ്പന്നരായ ശതകോടീശ്വരന്മാര്‍ക്കും ഈ ഗോള്‍ഡ് കാര്‍ഡ് വഴി അമേരിക്കന്‍ പൗരത്വം നേടാന്‍ കഴിയുമോ എന്ന ചോദ്യത്തിനും ട്രംപ് മറുപടി നല്‍കി. വളരെ നല്ലവരായ ചില റഷ്യന്‍ ശതകോടീശ്വരന്മാരെ തനിക്കറിയാം. അവര്‍ക്ക് ഗോള്‍ഡ് കാര്‍ഡ് കിട്ടുമെന്ന് കരുതുന്നുവെന്നും ട്രംപ് പറഞ്ഞു.

നിലവിലുള്ള ഇബി-5 പദ്ധതിക്ക് പകരമായാണ് ട്രംപിന്റെ അഞ്ച് മില്യണ്‍ ഡോളര്‍ അതായത് 50 ലക്ഷം ഡോളറിന്റെ ‘ഗോള്‍ഡ് കാര്‍ഡ്’ പദ്ധതി വരുന്നത്. സര്‍ക്കാര്‍ മാനദണ്ഡമാക്കിയിട്ടുള്ള നിശ്ചിത തുക യു.എസിലെ ഏതെങ്കിലും അംഗീകൃത കമ്പനികളില്‍ നിക്ഷേപിച്ചാലാണ് ഗോള്‍ഡ് കാര്‍ഡിന് അപേക്ഷിക്കാനാവൂ. പ്രതിവര്‍ഷം 10,000 ലധികം ഇ.ബി-5 വിസകളാണ് അമേരിക്ക വിതരണം ചെയ്യുന്നത്.