ഓട്ടവ : പ്രധാനമന്ത്രിയെയും മറ്റ് പൊതു വ്യക്തികളെയും സംരക്ഷിക്കുന്നതിന് ചുമതലയുള്ള ആർസിഎംപിയുടെ പ്രൊട്ടക്റ്റീവ് ബിഹേവിയറൽ അനാലിസിസ് യൂണിറ്റ് പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. അമിത ജോലിഭാരവും പരിമിതമായ വിഭവങ്ങളും കാരണം 2020-ൽ സ്ഥാപിതമായ യൂണിറ്റ്, തളർച്ചയുടെ വക്കിലാണെന്ന് പുതുതായി പുറത്തിറങ്ങിയ ഇന്റേണൽ ഇവാലുവേഷൻ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
അപകടസാധ്യതകൾ വിലയിരുത്തുന്നതിനും അക്രമം തടയുന്നതിനും ബിഹേവിയറൽ സയൻസ് രീതികൾ ഉപയോഗിക്കുകയും, ആർസിഎംപിയുടെ സംരക്ഷണ സേവനങ്ങൾക്ക് യൂണിറ്റ് പ്രവർത്തന പിന്തുണ നൽകുകയും ചെയ്യുന്നു. എന്നാൽ, യൂണിറ്റിന്‍റെ പ്രവർത്തനങ്ങൾ കാര്യക്ഷമോ സുസ്ഥിരമോ അല്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കാനഡയിൽ സംരക്ഷണം ആവശ്യമുള്ള വ്യക്തികളെ ലക്ഷ്യം വച്ചുള്ള ഭീഷണികളുടെയും അക്രമങ്ങളുടെയും എണ്ണം നിരന്തരം വർധിച്ചു വരികയാണ്. പൊതു ഉദ്യോഗസ്ഥർക്കെതിരായ ഭീഷണികളുടെ എണ്ണം 2022-ൽ 1,300 ഉണ്ടായിരുന്നതിൽ നിന്ന് 2023 ഓടെ 2,600 ആയി. 2024-ൽ ഇത് 3,500 കവിയുമെന്നും റിപ്പോർട്ടിൽ ഉദ്ധരിച്ചിരിക്കുന്ന ആർസിഎംപി കണക്കുകൾ പറയുന്നു. ഈ വർധന സംരക്ഷണവും സുരക്ഷാ നടപടികളും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് കാരണമായി. ഈ വെല്ലുവിളികളെ നേരിടാൻ, യൂണിറ്റ് റിസോഴ്‌സുകൾ വർധിപ്പിക്കുക, ജോലിഭാര പ്രശ്നം പരിഹരിക്കുന്നതിന് ഫലപ്രദമായ ടാസ്‌ക് ട്രയേജിങ് നടപ്പിലാക്കുക എന്നിവയുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ RCMP പദ്ധതിയിടുന്നു. ഈ മാസം മുതൽ 2027 മാർച്ച് വരെയാണ് പദ്ധതി നടപ്പിലാക്കുക.
ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി രാജ്യമെമ്പാടുമുള്ള സ്ഥാനാർത്ഥികൾ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന പൊതു പരിപാടികൾക്കായി തയ്യാറെടുക്കുന്നതിനിടെയാണ് വിലയിരുത്തൽ പുറത്തു വരുന്നത്.