ദില്ലി: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ പാക്ക് വംശജൻ തഹാവൂർ റാണയെ എൻഐഎ കസ്റ്റഡിയിൽ വിട്ട് ദില്ലിയിലെ പ്രത്യേക എൻഐഎ കോടതി. 18 ദിവസത്തേക്കാണ് റാണയെ കസ്റ്റഡിയിൽ വിടാൻ ഉത്തരവായത്. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയിൽ എൻഐഎ അപേക്ഷ നൽകിയിരുന്നു. മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും, റാണയെ 20 ദിവസം കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്.

ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ നൽകിയ ഹർജി യുഎസ് സുപ്രീം കോടതി തള്ളിയതോടെയാണ് ഇവിടേക്ക് കൊണ്ടുവരുന്നതിനുള്ള നിയമതടസ്സങ്ങൾ പൂർണമായി നീങ്ങിയത്. നാടുകടത്തലുമായി ബന്ധപ്പെട്ട നിയമനടപടികൾക്കായി ഫെബ്രുവരി മുതൽ യുഎസിലുണ്ടായിരുന്ന എൻഐഎ സംഘത്തിന്റെ നേതൃത്വത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്നലെ വൈകിട്ട് ആറരയോടെ റാണയെ ഡൽഹി വിമാനത്താവളത്തിലെത്തിച്ചത്. ഇവിടെ വച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും 2 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്നാണ് പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയത്.

കേസിൽ ഒന്നാം പ്രതിയായ ഡേവിഡ് കോൾമാൻ ഹെഡ്ലി ഇന്ത്യ സന്ദർശിക്കുന്നതിന് മുമ്പ് തഹാവൂർ റാണയുമായി മുഴുവൻ ഓപ്പറേഷനെക്കുറിച്ചും ചർച്ച ചെയ്തിരുന്നുവെന്ന് എൻഐഎ കോടതിയിൽ വാദിച്ചിരുന്നു. ഹെഡ്ലിയുടെ മൊഴി അടക്കമുള്ള വിശദാംശങ്ങൾ എൻഐഎ, കോടതിയിൽ നല്കി. എന്നാൽ എൻഐഎ കോടതി മൂന്നാഴ്ചത്തേക്കാണ് റാണയെ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി കാലയളവിൽ റാണയെ വിശദമായി ചോദ്യം ചെയ്യുമെന്ന് എൻഐഎ വ്യക്തമാക്കി.