ബാഗ്ദാദ് ∙ ഇറാഖിൽ തീർഥാടന പാതയിലെ ജലശുദ്ധീകരണ കേന്ദ്രത്തിൽ ക്ലോറിൻ വാതക ചോർച്ച. സംഭവത്തിൽ അറന്നൂറിലധികം തീർഥാടകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിയാ പുണ്യനഗരങ്ങളായ നജാഫിനും കർബലയ്ക്കും ഇടയിലുള്ള പാതയിൽ രാത്രിയിലാണ് സംഭവം നടന്നത്. കർബലയിൽ ക്ലോറിൻ വാതക ചോർച്ചയെ തുടർന്ന് 621 പേർക്ക് ശ്വാസംമുട്ടൽ ഉണ്ടായതായി ഇറാഖ് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
എല്ലാവർക്കും ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്നും ആശുപത്രി വിട്ടവർക്ക് ആരോഗ്യം വീണ്ടെടുക്കാനായെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. കർബല-നജാഫ് റോഡിലെ ഒരു ജലശുദ്ധീകരണ കേന്ദ്രത്തിൽ നിന്നുള്ള ക്ലോറിൻ ചോർച്ച മൂലമാണ് അപകടം നടന്നതെന്ന് സുരക്ഷാസേന അറിയിച്ചു.

പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾ കാരണം ഇറാഖിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ ഭൂരിഭാഗവും ജീർണാവസ്ഥയിലാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പലപ്പോഴും വീഴ്ചയുണ്ടാകാറുണ്ട്. ജൂലൈയിൽ, കിഴക്കൻ നഗരമായ കുട്ടിലെ ഷോപ്പിങ് മാളിലുണ്ടായ വൻ തീപിടിത്തത്തിൽ 60ലധികം പേരാണ് മരിച്ചത്. പലർക്കും ശുചിമുറിയിൽ ശ്വാസംമുട്ടിയാണ് അന്ത്യം സംഭവിച്ചത്.
