ഓട്ടവ: യുഎസ് താരിഫുകളുടെ വര്‍ധനയും വിപണിയിലെ മാന്ദ്യവും കാരണം പ്രതിസന്ധി അനുഭവിക്കുന്ന കാനഡയുടെ വനമേഖല വ്യവസായം ഫെഡറല്‍ ബജറ്റിനെ ഉറ്റുനോക്കുകയാണ്. നിരവധി മില്ലുകള്‍ ഉത്പാദനം വെട്ടിക്കുറയ്ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്ത സാഹചര്യത്തില്‍, വരാനിരിക്കുന്ന ഫെഡറല്‍ ബജറ്റില്‍ ഭാവിയിലേക്ക് വ്യവസായത്തെ സജ്ജമാക്കുന്നതിനായുള്ള അടിയന്തര സഹായം നല്‍കണമെന്ന് വ്യവസായ പ്രതിനിധികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കാനഡയും യുഎസും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സോഫ്റ്റ്വുഡ് ലംബര്‍ തര്‍ക്കം കൂടുതല്‍ വഷളായിരിക്കുകയാണ്. ഈ മാസം ആദ്യം യുഎസ് താരിഫുകളും തീരുവകളും 45% ആയി ഉയര്‍ന്നു. ഇതിനുപുറമെ, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം നടപ്പിലായാല്‍ 10% അധിക താരിഫ് കൂടി ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം കാനഡയില്‍ ഉത്പാദിപ്പിച്ച സോഫ്റ്റ്വുഡ് ലംബറിന്റെ 90% കയറ്റുമതിയും യുഎസിലേക്കായിരുന്നു. യുഎസിലെ ഭവന നിര്‍മ്മാണ രംഗത്തെ മാന്ദ്യം കൂടി ആയതോടെ കയറ്റുമതിക്ക് വലിയ തിരിച്ചടിയായി.

വ്യവസായത്തെ നിലനിര്‍ത്താന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നേരത്തെ $1.25 ബില്യണ്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തര്‍ക്കം നീണ്ടുപോയാല്‍ ഈ തുക മതിയാകില്ലെന്ന് ഫോറസ്റ്റ് പ്രോഡക്ട്സ് അസോസിയേഷന്‍ ഓഫ് കാനഡ (FPAC) പ്രസിഡന്റും സിഇഒയുമായ ഡെറെക് നൈബര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ പദ്ധതികളില്‍ കനേഡിയന്‍ തടികള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു വ്യാവസായിക തന്ത്രം നടപ്പിലാക്കുക, യുഎസ് ഇതര രാജ്യങ്ങളിലേക്കുള്ള കയറ്റുമതി അടുത്ത ദശകത്തിനുള്ളില്‍ ഇരട്ടിയാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ധനസഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സര്‍ക്കാരിനോട് ഉന്നയിച്ചിരിക്കുന്നത്.
കൂടാതെ മില്ലുകള്‍ പുനഃക്രമീകരിക്കുന്നതിനും വളര്‍ന്നു വരുന്ന മാസ് ടിംബര്‍, പ്രീ-ഫാബ്രിക്കേറ്റഡ് മോഡുലാര്‍ ഹോംബില്‍ഡിങ് വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനുമായി ഗവേഷണത്തിനും വികസനത്തിനുമായി ഫണ്ട്, വ്യവസായ നവീകരണത്തിന് ഉത്തേജനം നല്‍കുന്ന തരത്തിലുള്ള നിയന്ത്രണ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികളുടെ പ്രതിനിധിയായ ലാന പെയ്ന്‍ ഉള്‍പ്പെടെയുള്ളവര്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.
കാനഡയുടെ വനമേഖല വ്യവസായത്തില്‍ ഏകദേശം 200,000 പേര്‍ ജോലി ചെയ്യുന്നുണ്ട്. യൂനിഫോര്‍ (Unifor) ദേശീയ പ്രസിഡന്റ് ലാന പെയ്ന്‍ പറയുന്നത്, നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ഇതിനോടകം ജോലി നഷ്ടപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ചെറുകിട തടി ഉടമകള്‍ക്കും താരിഫ് പ്രതിസന്ധി തിരിച്ചടിയായി.
