ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ പ്രതിരോധ, വാര്‍ത്താവിനിമയ മേഖലയ്ക്ക് നിര്‍ണായകമായ CMS-03 (കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് – 03) അഥവാ ജിസാറ്റ്-7R ഉപഗ്രഹം ഇന്ന് വൈകിട്ട് 5.26-ന് ഭ്രമണപഥത്തിലേക്ക്. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഓ) ഏറ്റവും വിശ്വസ്തവും ഭാരമേറിയതുമായ റോക്കറ്റായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 (LVM3-M5) ആണ് ഉപഗ്രഹത്തെ വഹിച്ചുകൊണ്ട് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് കുതിച്ചുയരുക.
ഇന്ത്യന്‍ സൈന്യത്തിന്, പ്രത്യേകിച്ച് നാവികസേനയ്ക്ക്, കരുത്ത് പകരാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മള്‍ട്ടി-ബാന്‍ഡ് വാര്‍ത്താവിനിമയ ഉപഗ്രഹമാണിത്. ഈ ദൗത്യം രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതായതിനാല്‍, വിക്ഷേപണ വിവരങ്ങള്‍ ഐഎസ്ആര്‍ഓ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്നു. 2013-ല്‍ വിക്ഷേപിച്ച, നാവികസേനയുടെ നിലവിലെ വാര്‍ത്താവിനിമയ ശൃംഖലയുടെ നട്ടെല്ലായ ജിസാറ്റ്-7 അഥവാ ‘രുഗ്മിണി’ ഉപഗ്രഹത്തിന്റെ സേവന കാലാവധി അവസാനിക്കുന്നതിന് പകരമായാണ് കൂടുതല്‍ ശേഷിയുള്ള CMS-03 എത്തുന്നത്.

4410 കിലോഗ്രാം ഭാരമുള്ള CMS-03, ഇന്ത്യന്‍ മണ്ണില്‍ നിന്ന് ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് (GTO) വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹമാണ്. നാല് ടണ്ണിന് മുകളില്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഇതിനുമുമ്പ് വിദേശത്തുനിന്നാണ് ഇന്ത്യ വിക്ഷേപിച്ചിരുന്നത്. ചരിത്രപരമായ ചന്ദ്രയാന്‍-3 ദൗത്യത്തിന് ശേഷം LVM3 റോക്കറ്റ് പങ്കെടുക്കുന്ന അഞ്ചാമത്തെ ഓപ്പറേഷണല്‍ ദൗത്യമാണിത്. 2025-ലെ ഐഎസ്ആര്‍ഓയുടെ നാലാമത്തെ വിക്ഷേപണ ദൗത്യമാണ് LVM3-M5.
CMS-03-ന്റെ പ്രധാന ലക്ഷ്യം നാവികസേനയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ്. നാവികസേനയുടെ കപ്പലുകള്‍, അന്തര്‍വാഹിനികള്‍, വിമാനങ്ങള്‍, കരയിലെ കമാന്‍ഡ് സെന്ററുകള്‍ എന്നിവ തമ്മില്‍ തത്സമയവും ജാമിംഗ് സാധ്യമല്ലാത്തതുമായ, സുരക്ഷിത ആശയവിനിമയ ലിങ്കുകള്‍ സ്ഥാപിക്കാന്‍ ഈ ഉപഗ്രഹം സഹായിക്കും. വിശാലമായ സമുദ്രമേഖല ഉള്‍പ്പെടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉടനീളം മള്‍ട്ടി-ബാന്‍ഡ് സേവനങ്ങള്‍ നല്‍കാന്‍ CMS-03-ന് കഴിയും.
