Sunday, November 2, 2025

യുഎസില്‍ ‘പെന്നി’ ക്ഷാമം രൂക്ഷം; പണമിടപാടുകള്‍ പ്രതിസന്ധിയില്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി ഒരു സെന്റ് നാണയമായ ‘പെന്നി’യുടെ ഉത്പാദനം നിര്‍ത്തിയതോടെ രാജ്യവ്യാപകമായി പണമിടപാടുകള്‍ പ്രതിസന്ധിയിലായി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനമാണ് രാജ്യത്ത് പെന്നി ക്ഷാമം രൂക്ഷമാക്കിയത്. നിലവില്‍ ബാങ്കുകള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും പെന്നി ലഭിക്കാനില്ലാത്ത അവസ്ഥയാണ്.

പെന്നി നിര്‍മിക്കുന്നത് വലിയ നഷ്ടമാണെന്നും, അതിന്റെ ഉത്പാദനം ഉപേക്ഷിക്കണമെന്നും ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് യു.എസ്. മിന്റ് (നാണയം നിര്‍മിക്കുന്ന സ്ഥാപനം) ഔദ്യോഗികമായി പെന്നിയുടെ നിര്‍മ്മാണം നിര്‍ത്തിവെച്ചു. ട്രഷറി വകുപ്പ് 2026-ഓടെ മാത്രമെ ക്ഷാമം തുടങ്ങൂ എന്നാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍, പ്രതീക്ഷിച്ചതിലും നേരത്തെ പ്രശ്‌നം ആരംഭിച്ച് രാജ്യത്തെ സാമ്പത്തിക വിനിമയങ്ങളെ ബാധിച്ചു.

സര്‍ക്കാരില്‍ നിന്ന് ബാങ്കുകളിലേക്ക് പെന്നി എത്തുന്നത് നിലച്ചതോടെ, കച്ചവടക്കാര്‍ക്ക് കൃത്യമായ ചില്ലറ നല്‍കാന്‍ കഴിയാത്ത സ്ഥിതിയായി. വേനല്‍ക്കാലത്തോടെ ആരംഭിച്ച ഈ ക്ഷാമം, അവധിക്കാല ഷോപ്പിംഗ് സീസണ്‍ അടുത്തതോടെ കൂടുതല്‍ വഷളായിരിക്കുകയാണ്. ബാങ്കുകള്‍ പെന്നി വിതരണം നിയന്ത്രിച്ചിരിക്കുകയാണ്. പല കടകളും കൃത്യമായ ചില്ലറ ഇല്ലാത്തതിനാല്‍ ഇടപാടുകള്‍ അടുത്ത കുറഞ്ഞ തുകയിലേക്ക് റൗണ്ട് ചെയ്ത് നല്‍കാന്‍ തുടങ്ങി. ഇടപാടുകള്‍ താഴോട്ട് റൗണ്ട് ചെയ്താല്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടം വരുമെന്ന് ബിസിനസ് സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കച്ചവട സ്ഥാപനങ്ങളില്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായ ചില്ലറ തിരികെ നല്‍കാന്‍ കഴിയുന്നില്ല.

ഒരു പെന്നി നിര്‍മ്മിക്കാന്‍ അതിന്റെ മൂല്യത്തേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നു എന്നതാണ് ഉത്പാദനം നിര്‍ത്തലാക്കിയതിന്റെ പ്രധാന കാരണം. 2024-ല്‍ ഒരു പെന്നി ഉണ്ടാക്കാന്‍ 3.7 സെന്റാണ് മിന്റിന് ചെലവായത്. കൂടാതെ, മിക്ക അമേരിക്കക്കാരും പെന്നി നാണയങ്ങള്‍ കുപ്പികളിലോ അലങ്കാര വസ്തുക്കളായോ സൂക്ഷിക്കുന്നതിനാല്‍ അവ വീണ്ടും വിനിമയത്തില്‍ എത്തുന്നില്ല. അതുകൊണ്ട് പുതിയ നാണയങ്ങള്‍ തുടര്‍ച്ചയായി നിര്‍മ്മിക്കേണ്ടിവരുന്നതും സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചു.

പെന്നി നിര്‍ത്തലാക്കാന്‍ വ്യാപാരികള്‍ക്കും ബാങ്കുകള്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നു. കാരണം വലിയ അളവിലുള്ള പെന്നി ഭാരമുള്ളതും ഉപയോഗം കുറഞ്ഞതുമാണ്. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് മുന്നറിയിപ്പോ നിര്‍ദ്ദേശങ്ങളോ ഇല്ലാതെ പെട്ടെന്നുണ്ടായ ഈ തീരുമാനം കാര്യങ്ങള്‍ കുഴപ്പത്തിലാക്കി. കൃത്യമായ ചില്ലറ നല്‍കി സഹായിക്കണമെന്ന് പല കടകളും ഇപ്പോള്‍ അമേരിക്കക്കാരോട് അപേക്ഷിച്ചിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!