ഓട്ടവ: രാജ്യത്തിന്‍റെ സാമ്പത്തിക ഭാവിക്കും ദേശീയ സുരക്ഷയ്ക്കും നിർണായകമാവുന്ന രാഷ്ട്രനിർമ്മാണ പദ്ധതികളുടെ രണ്ടാം ഘട്ടം അവതരിപ്പിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. പദ്ധതികളുടെ പട്ടികയിലേക്ക് ആറ് പുതിയ സംരംഭങ്ങൾ കൂടി ഉൾപ്പെടുത്തി. നോർത്തേൺ ബ്രിട്ടിഷ് കൊളംബിയ തീരത്തെ ട്രാൻസ്മിഷൻ ലൈൻ, ഒന്റാരിയോയിലെ നിക്കൽ ഖനി ഉൾപ്പെടെയുള്ള സുപ്രധാന ധാതു ഖനന പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ഇതിലൂടെ, 5600 കോടി ഡോളറിലധികം പുതിയ നിക്ഷേപം രാജ്യത്തേക്ക് കൊണ്ടുവരുമെന്നും 68,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ബ്രിട്ടിഷ് കൊളംബിയയിലെ പ്രിൻസ് റൂപർട്ടിൽ നടന്ന ചടങ്ങിൽ കാർണി അറിയിച്ചു.

കാനഡയുടെ മത്സരശേഷി വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പദ്ധതികളെ മുൻഗണനാ പട്ടികയിലേക്ക് റഫർ ചെയ്യുന്നത്. പുതിയ ഖനികൾക്ക് ഊർജ്ജം നൽകുന്ന നോർത്ത് കോസ്റ്റ് ട്രാൻസ്മിഷൻ ലൈൻ (ബിസി), കാനഡയിലെ രണ്ടാമത്തെ വലിയ എൽഎൻജി സൗകര്യമാകുന്ന കെസി ലിസിംസ് LNG (ബിസി), ബാറ്ററി നിർമ്മാണത്തിനുള്ള നിക്കൽ ഉത്പാദിപ്പിക്കുന്ന കാനഡ നിക്കൽസ് ക്രോഫോർഡ് പ്രോജക്റ്റ് (ഒന്റാരിയോ), മാതാവിനി ഗ്രാഫൈറ്റ് ഖനി (കെബെക്ക്), സിസ്സൺ ടങ്സ്റ്റൺ ഖനി (ന്യൂ ബ്രൺസ്‌വിക്ക്), 100% ഇന്യൂട്ട് ഉടമസ്ഥതയിലുള്ള ഇക്വാലൂട്ട് ന്യൂക്കിക്‌സൗട്ടിയിറ്റ് ഹൈഡ്രോ പ്രോജക്റ്റ് (നൂനാവൂട്ട്) എന്നിവയാണ് പ്രധാനമായും പട്ടികയിലുള്ള പുതിയ പദ്ധതികളെന്നും കാർണി കൂട്ടിച്ചേർത്തു. കൂടാതെ, സുപ്രധാന ധാതുക്കളുടെ വലിയ നിക്ഷേപമുള്ള വടക്കുപടിഞ്ഞാറൻ ബിസി, യൂകോൺ എന്നിവിടങ്ങളിലെ നോർത്ത് വെസ്റ്റ് ക്രിട്ടിക്കൽ കൺസർവേഷൻ കോറിഡോറും (Northwest Critical Conservation Corridor) മുൻഗണനാ പദ്ധതികളിൽ ഇടം പിടിച്ചിട്ടുണ്ട്. ഇത് വഴി പദ്ധതികളുടെ റെഗുലേറ്ററി അംഗീകാരത്തിനുള്ള സമയം പരമാവധി രണ്ട് വർഷമായി കുറയ്ക്കാൻ ലക്ഷ്യമിടുന്നു.
