മൺട്രിയോൾ : എസ്ടിഎം ഓപ്പറേറ്റർമാർക്കും ബസ് ഡ്രൈവർമാർക്കും വാരാന്ത്യത്തിൽ പണിമുടക്കാൻ അനുമതി നൽകി അഡ്മിനിസ്ട്രേറ്റീവ് ലേബർ ട്രൈബ്യൂണൽ (ടിഎടി). മൺട്രിയോളിലെ പബ്ലിക് ട്രാൻസ്പോർട്ട് സർവീസായ എസ്ടിഎമ്മും യൂണിയനും തമ്മിൽ ധാരണയിലെത്തിയില്ലെങ്കിൽ, നവംബർ 15 ശനിയാഴ്ച പുലർച്ചെ 4 മണി മുതൽ നവംബർ 17 ഞായറാഴ്ച പുലർച്ചെ 3:59 വരെ എസ്ടിഎമ്മിന്റെ എല്ലാ ബസ്-മെട്രോ സർവീസുകളും പൂർണ്ണമായി നിർത്തിവയ്ക്കാനാണ് തീരുമാനം (പാരാട്രാൻസിറ്റ് സർവീസുകൾ ഒഴികെ). പണിമുടക്ക് പൊതുജനാരോഗ്യത്തിനോ സുരക്ഷക്കോ ഭീഷണിയാകുന്നില്ലെന്ന് നിരീക്ഷിച്ചതിനാലാണ് ഭരണഘടനാപരമായ അവകാശമായ സമരത്തിന് അനുമതി നൽകിയതെന്ന് ടിഎടി അറിയിച്ചു.

അതേസമയം, അപ്രതീക്ഷിത സമരത്തെ തുടർന്ന് പബ്ലിക് ട്രാൻസ്പോർട്ട് യാത്രക്കാർ പ്രതിസന്ധിയിലാണ്. കഴിഞ്ഞ ദിവസം സർവീസ് തടസ്സപ്പെടുത്തിയ മെയിന്റനൻസ് തൊഴിലാളികളുടെ സമരം അവസാനിച്ചതിന് പിന്നാലെയാണ് പുതിയ പണിമുടക്ക് വരുന്നത്. എന്നാൽ, ഈ വാരാന്ത്യ സമരം ഒഴിവാക്കാൻ കഴിയുമെന്ന് യൂണിയൻ പ്രസിഡന്റ് ഫ്രെഡറിക് തെറിയൻ പ്രതീക്ഷ പ്രകടിപ്പിച്ചു. “ഞങ്ങൾ കരാറിനോട് അടുത്തെത്തി, എസ്ടിഎമ്മിന്റെ ഭാഗത്തുനിന്നാണ് ഇനി നടപടി വേണ്ടത്” അദ്ദേഹം പറഞ്ഞു. അതേസമയം, ഈ തീരുമാനം ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും, ചർച്ചകൾ തുടരുകയാണെന്നും, സമരം ഒഴിവാക്കാൻ കിണഞ്ഞു ശ്രമിക്കുമെന്നും എസ്ടിഎം ഡയറക്ടർ ജനറൽ മേരി-ക്ലോഡ് ലിയോനാർഡ് അറിയിച്ചു. പ്രശ്നപരിഹാരത്തിനായി നിയമനിർമ്മാണം ലക്ഷ്യമിടുന്ന ബിൽ 14 വേഗത്തിലാക്കാൻ സർക്കാർ ക്ലോഷർ (Closure) രീതി ഉപയോഗിക്കില്ലെന്ന് പ്രീമിയർ ലെഗോൾട്ട് വ്യക്തമാക്കി.
