ന്യൂഡൽഹി : ഇന്ത്യൻ കരസേനയ്ക്കായി പുതിയ അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി വന്ന ചരക്ക് വിമാനത്തിന് തുർക്കി വ്യോമപാത നിഷേധിച്ചതായി റിപ്പോർട്ട്. യുക്രെയ്ൻ എയർലൈൻസിന്റെ An-124 അന്റോനോവ് എന്ന ചരക്ക് വിമാനം ഈ മാസം ഒന്നിന് അമേരിക്കയിലെ അരിസോണയിൽ നിന്ന് ഇന്ത്യൻ കരസേനയുടെ മൂന്ന് AH-64E അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിരുന്നു. ഇന്ധനം നിറയ്ക്കുന്നതിനായി ബ്രിട്ടനിലെ ഈസ്റ്റ് മിഡ്ലാൻഡ്സ് വിമാനത്താവളത്തിൽ ഇറങ്ങിയ വിമാനത്തിന് പിന്നീട് ഇന്ത്യയിലേക്കുള്ള യാത്ര തുടരാൻ തുർക്കി വ്യോമപാത നിഷേധിച്ചു. എട്ടു ദിവസത്തോളം അനുമതി കാത്തുകിടന്ന വിമാനം തുടർന്ന് എട്ടാം തീയതി യുഎസിലേക്ക് തന്നെ മടങ്ങിപ്പോവുകയായിരുന്നു.

ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ നൽകാനുള്ള കരാറിന്റെ ഭാഗമായി ബോയിങ് കമ്പനി ഈ മാസം കൈമാറേണ്ടിയിരുന്ന മൂന്ന് ഹെലികോപ്റ്ററുകളാണ് ഇതോടെ വൈകുന്നത്. ജൂലൈയിൽ ഇതേ കരാറിലെ ആദ്യ മൂന്ന് ഹെലികോപ്റ്ററുകൾ എത്തിച്ചപ്പോൾ തുർക്കി വ്യോമപാതയ്ക്ക് അനുമതി നൽകിയിരുന്നു. പുതിയ സംഭവത്തോടെ, മറ്റൊരു വ്യോമപാതയിലൂടെ ഹെലികോപ്റ്ററുകൾ ഇന്ത്യയിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്. നിലവിൽ, ഇന്ത്യൻ വ്യോമസേന 22 അപ്പാച്ചെ ഹെലികോപ്റ്ററുകളും കരസേന 3 എണ്ണവും ഉപയോഗിക്കുന്നുണ്ട്.
